jv

Thursday, May 31, 2007

പ്രകൃതിജീവനത്തിലൂടെ മെലിച്ചില്‍ തടയാം ( പുസ്തകാസ്വാദനം )



സമകാലിക സമൂഹത്തിലെ പലരുടേയും പ്രശ്നം എങ്ങനെ വണ്ണം കുറയ്ക്കാം എന്നതാണ് . ഇതിനുവേണ്ടി നമ്മുടെ നാട്ടില്‍ പല ഹെല്‍ത്ത് ക്ലബ്ബുകളും പല പദ്ധതികളും ആസൂത്രണം ചെയ്തീട്ടുണ്ട് . അമിതവണ്ണത്തെക്കുറിച്ച് (Obesity ) ധാരാളം ലേഖനങ്ങള്‍ എഴുതപ്പെട്ടീട്ടുണ്ട് .എന്നാല്‍ , മെലിഞ്ഞവരുടെ നൊമ്പരങ്ങള്‍ എങ്ങനെയോ അവഗണിയ്ക്കപ്പെടുന്നു. ഇത് മുതലെടുക്കാനായിട്ടായിരിയ്ക്കാം പത്രമാസികകളിലും ടി വി യിലുമൊക്കെ മെലിച്ചില്‍ തടയാനുള്ള നിവാരിണികളുടെ പരസ്യങ്ങള്‍ സ്ഥലം പിടിച്ചീട്ടുള്ളത് . ഇത്, ഒന്നല്ല, ഏറെത്തന്നെയുണ്ട് . ഇതില്‍നിന്നും വ്യക്തമാകുന്നത് ഇതൊരു ന്യൂനപക്ഷ പ്രശ്നമല്ല എന്നുള്ളതാണ്.


പ്രശസ്ത പ്രകൃതി ചികിത്സകനായ ഡോ അലന്‍മോയില്‍ (Dr. Alan Moyle N.D, M.B.N.O.A.) എഴുതിയ The Natural Way To Gain Weight എന്ന പുസ്തകം മെലിഞ്ഞവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിയ്ക്കുന്നു. ഈ പുസ്തകത്തിന്റെ പ്രസാധകര്‍ THORSONS PUBLISHERS LIMITED ,WELLINGBOROUGH,NORTHAMTONSHIRE ആണ്.


മെലിച്ചിലിന്റെ കാരണങ്ങള്‍


പലരും വിലപിയ്ക്കുന്നത് കേള്‍ക്കാറുണ്ട് ,” ഞാന്‍ നല്ലവണ്ണം ഭക്ഷണം കഴിയ്ക്കാറുണ്ട്. എന്നീട്ടും വണ്ണംവെയ്ക്കുന്നില്ല, “ അല്ലെങ്കില്‍ “ എന്തൊക്കെ കഴിച്ചീട്ടും ഞാന്‍ തടിവെയ്ക്കുന്നില്ല“ എന്നൊക്കെ.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നത് ?

ഇതിനുത്തരം കണ്ടെത്തണമെങ്കില്‍ മെലിച്ചിലിനുകാരണമായ ഘടകങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.


പലപ്പോഴും മെലിഞ്ഞ വ്യക്തി മറ്റുള്ളവരേക്കാള്‍ ഊര്‍ജ്ജസ്വലരായി കാണാറുണ്ട്. ഈ അമിത ഊര്‍ജ്ജസ്വലതതന്നെ മെലിച്ചിലിന് വഴിവെയ്ക്കുന്ന ഒന്നാണ്.അതായത് ഊര്‍ജ്ജസ്വലനായ മെലിഞ്ഞവ്യക്തി അമിതഭക്ഷണം കഴിച്ചാലും വണ്ണം വെയ്ക്കുന്നില്ല.എന്തുകൊണ്ടെന്നാല്‍ , അമിതഭക്ഷണംവഴി നേടുന്ന കൊഴുപ്പ് ശാരീരിക ചലനങ്ങള്‍ നിമിത്തം (ഊര്‍ജ്ജസ്വലത മൂലം ) ഇല്ലാതായിത്തീരുന്നു.


ശാരീരിക അസുഖങ്ങള്‍ , പോഷകാഹാരക്കുറവ് ,എന്നിവയും മെലിച്ചില്‍ ഉണ്ടാക്കുന്നവയാണ്. ചില ശാരീരിക അസുഖങ്ങള്‍ നികിത്തം രുചിയില്ലായ്മ അനുഭവപ്പെടുന്നു. ഇത് ആഹാരം കഴിയ്ക്കുന്നതില്‍ കുറവ് വരുത്തുന്നു.


ചിലര്‍ ഭക്ഷണം കഴിയ്ക്കുന്നതിന് വളരേ കുറച്ച് സമയം മാത്രമേ ചിലവഴിയ്ക്കുകയുള്ളൂ. ഇത് അപൂര്‍ണ്ണമായ ദഹനത്തിന് വഴിവെയ്ക്കുന്നു.വേറെ ചിലര്‍ക്കാകട്ടെ , ചില ഭക്ഷ്യവസ്തുക്കളോട് അമിതമായ വേറുപ്പായിരിയ്ക്കും. അതിനാല്‍ അവര്‍ മിയ്ക്കപ്പോഴും അവയെ ഒഴിവാക്കുന്നു. ഇവയും മെലിച്ചിലിന് കാരണമാകാം.


ഭക്ഷ്യവസ്തുക്കളുടെ കുറഞ്ഞ ഓക്സീകരണനിരക്കിന്റെ ഫലമായി ഉപാപചയ പ്രവര്‍ത്തനനിരക്ക് (Metabolic Rate ) കുറയുന്നു. തല്‍ഫലമായി ക്ഷീണം ,നിരാശ,വിശപ്പില്ലായ്മ .. .....എന്നിവ അനുഭവപ്പെടാം. വിശപ്പില്ലായ്മ ഭക്ഷണം കഴിയ്ക്കുന്നതില്‍ കുറവ് വരുത്തുമല്ലോ.


പ്രമേഹം , ക്ഷയം,ഹൈപ്പര്‍ തൈറോയ്‌ഡിസം , മാനസിക ടെന്‍ഷന്‍ എന്നിവ നിമിത്തവും ശരീരം മെലിയാം. കുട്ടികളുടെ മെലിച്ചിലിന് അമിത വികാരാധീനത(Over exitement ) , നിരാശ, തെറ്റായ ദിനചര്യ, മോശമായ ഭക്ഷണം എന്നിവയൊക്കെ വഴിയൊരുക്കുന്നു.


ഭക്ഷണത്തിനു പകരം ചായ, സിഗരറ്റ് എന്നിവ ചിലര്‍ ഉപയോഗിയ്ക്കാറുണ്ട് . ഔഷധങ്ങള്‍, ഉത്തേജന വസ്തുക്കള്‍ എന്നിവ ചിലര്‍ നിത്യവും ഉപയോഗിയ്ക്കുന്നു. ഇത്തരമൊരു ജീവിതശൈലി ശരീരം മെലിയുന്നതിന് ഇടവരുത്തുന്നു.


മെലിച്ചിലിന്റെ മറ്റൊരു പ്രധാന കാരണം ദഹനേന്ദ്രിയങ്ങളുടെ തകരാറാണ്. ഇതുമൂലം കഴിച്ച ഭക്ഷണത്തില്‍നിന്നും പോഷകങ്ങളെ ശരീരത്തിന് ശരിയായ അളവില്‍ ആഗിരണം ചെയ്യാന്‍ കഴിയാതെ വരുന്നു. അതായത് ,പല മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്കും വളരേ കുറച്ച് ഭക്ഷണത്തെ മാത്രമേ ദഹിപ്പിയ്ക്കുന്നതിന് കഴിയുകയുള്ളൂ. പക്ഷെ, അവര്‍ വണ്ണം വെയ്ക്കാനുള്ള അത്യാഗ്രഹം നിമിത്തം കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ ദഹനക്കേടും തുടര്‍ന്ന് മറ്റ് അനുബന്ധ അസുഖങ്ങളും ഉണ്ടാകുന്നു. ഇത് പ്രസ്തുത വ്യക്തിയെ കൂടുതല്‍ മെലിയുന്നതിലേയ്ക്ക് നയിക്കുന്നു.


ദഹിയ്ക്കാത്ത ഭക്ഷണം കുടലില്‍ എത്തുമ്പോള്‍ അത് അവിടെ അസ്വസ്ഥത സൃഷ്ടിയ്ക്കുന്നു. ഉദരരോഗമുള്ളവര്‍ക്ക് മാനസിക ടേന്‍ഷന്‍ അനുബന്ധമായി കണ്ടുവരാറുണ്ടല്ലോ. അതുകൊണ്ട് മെലിഞ്ഞ ആളുകള്‍ കൂടുതലായി മാനസികടെന്‍ഷന് വിധേയരാകുന്നു.


ചീത്ത ഭക്ഷണം കഴിയ്ക്കല്‍ ,തെറ്റായ ഭക്ഷണരീതികള്‍ അവലംബിയ്ക്കല്‍ എന്നിവ നിമിത്തവും ശരീരം മെലിയാറുണ്ട് . അതായത് ഭക്ഷണം വേണ്ടവിധത്തില്‍ ചവച്ചരച്ചില്ലെങ്കില്‍ ദഹനക്കേട് സംഭവിയ്ക്കാം. ഭക്ഷണം‘ ചവച്ചരയ്ക്കല്‍ ‘എന്ന പ്രക്രിയയില്‍ ‘പല്ലുകള്‍‘ മുഖ്യസ്ഥാനം വഹിയ്ക്കുന്നു. വിടവുള്ള പല്ലുകള്‍ ,വരിതെറ്റിയ പല്ലുകള്‍ എന്നിവകൊണ്ട് ശരിയായി ചവച്ചരയ്ക്കാന്‍ കഴിയുകയില്ല.


വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ അപൂര്‍ണ്ണമായ ദഹനത്തിന് ഇടയാക്കുന്നു. പലമെലിഞ്ഞ വ്യക്തികളും ഇത്തരം ഭക്ഷ്യവസ്തുക്കളോട് ആസക്തിയുള്ളവരാണ് . അതുകൊണ്ട് അവര്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ ധാരാളം കഴിയ്ക്കുന്നു. ചിലപ്പോള്‍ വണ്ണംവെയ്ക്കാനുള്ള ആഗ്രഹം നിമിത്തമാകാം ഇങ്ങനെ ചെയ്യുന്നത് . പക്ഷെ, സംഭവിയ്ക്കുന്നതോ ; കൊഴുപ്പ് തീരെ ദഹനത്തിന് വിധേയമാകാതിരിയ്ക്കുകയും അസിഡിറ്റി ഉണ്ടാകുകയും ചെയ്യുന്നു.


ഭക്ഷണത്തിന്റെ സ്വഭാവം ,പാചകം ചെയ്ത രീതി , ആഹാരം കഴിയ്ക്കുമ്പോള്‍ വ്യക്തിയുടെ മാനസീകാവസ്ഥ എന്നിവയ്ക്ക് ദഹനവുമായി ബന്ധമുണ്ട് . ഇടയ്ക്കിടെ ഭക്ഷണം കഴിയ്ക്കുന്ന രീതി നല്ലതല്ല. ഉദാഹരണമായി , കാലത്ത് പ്രാതലിനും ഉച്ചയൂണിനുമിടയ്ക്കുള്ള സമയത്ത് പലരും ഇടയ്ക്കിടെ എന്തെങ്കിലും കഴിയ്ക്കുക പതിവാണ് . ഇത് ദഹനത്തിന് ദോഷം ചെയ്യുന്നു. അപൂര്‍ണ്ണമായ ദഹനം മെലിച്ചിലിന് വഴിവെയ്ക്കുമെന്ന് മുന്‍പ് സൂചിപ്പിച്ചതാണല്ലോ .


തൈറോയ്‌ഡ് ഗ്രന്ഥിയുടേ പ്രവത്തനം


തൈറോയ്‌ഡ് ഗ്രന്ഥികള്‍ക്ക് ശരീരഭാരവുമായി ബന്ധമുണ്ട് . ഈ ഗ്രന്ഥി പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണാണ് തൈറോക്സിന്‍.(Thyroxin ) .ഈ ഹോര്‍മോണ്‍ ശരീരത്തിലെ ഓക്സിഡേഷന്‍ പ്രക്രിയയെ നിയന്ത്രിയ്ക്കുന്നു. ഈ ഹോര്‍മോണിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്യ്‌ഡിസം (Hypothyroidism ) എന്നപേരില്‍ അറിയപ്പെടുന്നത് . കുട്ടികളില്‍ ഇത് ക്രെറ്റിനിസത്തിന് (ശരീരവലുപ്പം കുറയല്‍ ) കാരണമാക്കുന്നു. വലിയവരില്‍ ഇത് Myxoedema ഉണ്ടാക്കുന്നു. വിളര്‍ച്ചാരോഗത്തില്‍ (Anaemia ) കണ്ണൂകള്‍ പുറത്തേയ്ക്ക് തള്ളിവരുന്ന അവസ്ഥയാണ് Myxoedema എന്നപേരില്‍ അറിയപ്പെടൂന്നത് . ഹൈപ്പോതൈറോയ്‌ഡിസം മൂലം മാനസികാസ്വസ്ഥ്യം ,സാവധാനത്തിലുള്ള സംഭാഷണം, തലമുടികൊഴിയല്‍ ,ശരീരോഷ്മാവ് കുറയല്‍ എന്നിവയൊക്കെ അനുഭവപ്പെടാം.


തൈറോയ്‌ഡ് ഗ്രന്ഥി വലുതാകുന്നതുനിമിത്തം വര്‍ദ്ധിച്ച ഹോര്‍മോണ്‍ ഉല്പാദനം നടക്കുന്നു. ഈ അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്‌ഡിസം (HYperthyroidism ) എന്നുപറയുന്നത്. ഈ രോഗമുള്ള വ്യക്തിമെലിയുകയും എളുപ്പം ക്ഷോഭിയ്ക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. രോഗിയുടെ ഹൃദയമിടിപ്പും പ്രഷറും വര്‍ദ്ധിച്ചിരിയ്ക്കും.ഉപാപചയപ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ദ്ധിയ്ക്കുന്നു. ഇതുമൂലം ശരീരത്തിലെ കൊഴുപ്പിനും മാംസപേശികള്‍ക്കും ശോഷണം സംഭവിയ്ക്കുന്നു.


മെലിച്ചില്‍ പരിഹരിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട് . വ്യായാമം, ഉപവാസം,ഭക്ഷണനിയന്ത്രണം, പ്രത്യേക ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുക്കല്‍ ,ജലചികിത്സ എന്നിവ മെലിച്ചില്‍ പരിഹരിയ്ക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഈ പുസ്തകത്തില്‍ വിശദമായി പ്രതിപാദിയ്ക്കുന്നു.


അടുത്തതായി , ശരീരഭാരം ഏതുവരെയാകം എന്നുള്ളതുതന്നെ തര്‍ക്കത്തില്‍പ്പെട്ട സംഗതിയാണ് .പ്രകൃതിയിലെ ആരോഗ്യമുള്ള ജീവികള്‍ ഒരിയ്ക്കലും വണ്ണമുള്ളവയല്ല ; എന്നാല്‍ ഏറെ മെലിഞ്ഞെവയുമല്ല . അതിനാല്‍ത്തന്നെ ‘വണ്ണ’ത്തിന്റെ കാര്യത്തില്‍ മദ്ധ്യമസ്ഥാനത്തുള്ളവര്‍ വിഷമിയ്ക്കേണ്ട കാര്യവുമില്ല.

1 comment:

ടിന്റുമോന്‍ said...

അപ്പൊ നിന്റെ വയറ്റില്‌ കൊക്കപുഴുവാണെന്ന് ഡോക്ടര്‍ പറഞ്ഞതോ?

നന്നായിരിക്കുന്നു. വിജ്ഞാനപ്രദമായ്‌ പോസ്റ്റ്‌.