jv

Thursday, August 30, 2007

തൃശൂരില്‍ ഇന്ന് വര്‍ണ്ണ മേളങ്ങളുടെ പുലിയിറക്കം

പുലിത്താളത്തിനൊപ്പം ചുവടുവെച്ച് ഇളകിയാടി അരമണികിലുക്കി കരുത്തും കുതിപ്പുമായി പുലിയിറക്കം. വൈകീട്ട് നാലുമുതല്‍ മൂന്ന് മണിക്കൂറോളം സ്വരാ‍ജ് റൌണ്ടിലും പരിസരത്തും തുള്ളിയാര്‍ക്കുന്ന പുലിക്കളിക്കൂട്ടത്തിലേക്ക് നഗരത്തിലും പരിസരത്തുമുള്ള 13 ദേശങ്ങളാണ്‍ ചായം പൂശി മുഖം വരച്ച് ചുണയും രൌദ്ര ഭാവവുമുള്ള നൂറുകണക്കിനു പുലികളെ കെട്ടഴിച്ചു വിടുന്നത് .
പഴമയില്‍നിന്ന് കടം കൊണ്ട ആചാരം അണുവിട തെറ്റാതെ നാട്ടുകൂട്ടങ്ങളെ പുലിയിറക്കം അറിയിക്കുന്ന വാല്‍ എഴുന്നള്ളിക്കല്‍ ചടങ്ങ് വിവിധ ദേശങ്ങള്‍ലില്‍ നടന്നു. പുലിക്കളി കമ്മടിയുടെ നേതൃത്വത്തില്‍ പുലിക്കുടമെന്തി മേളം കൊട്ടി അരമണിത്താളം മുഴക്കിയായിരുന്നു എഴുന്നള്ളത്ത് .
പുലികള്‍ക്ക് വര്‍ണ്ണം പകരാനുള്ള ടെം‌പ്ര പൌഡര്‍ വാര്‍ണീഷ് ചേര്‍ത്ത് കുഴമ്പു രൂപത്തില്‍ അരക്കുന്ന ജോലി വിവിധ പുലിക്കളി സംഘങ്ങള്‍ പൂര്‍ത്തിയാക്കി. പതിഞ്ചോളം ചായക്കൂട്ടങ്ങളാണ് പുലികളെ ഒരുക്കാന്‍ വേണ്ടി വരിക .രാവിലെ മുതല്‍ അര്‍ദ്ധരാത്രി വരെ നീളുന്ന ചായം അരയ്ക്കല്‍ മെച്ചമായാല്‍ വരകള്‍ക്ക് തിളക്കമേറും.ചായം അരയ്ക്കാനുള്ള അരകല്ലുകള്‍ അയല്‍‌പക്കത്തെ വീടുകളില്‍നിന്ന് കൊണ്ടുവരുന്നതുമുതല്‍ ചായം അരക്കുന്നവര്‍ക്കും വേഷമിട്ട പുലികള്‍ക്കും ഭക്ഷണം ഉരുളകളായി നല്‍കുന്നതുവരെയുള്ള ദേശക്കൂട്ടായ്മ പുലികളുടെ സവിശേഷതയാണ് .രാത്രിയൊടെ അതതുദേശത്തെ നിശ്ചത കേന്ദ്രങ്ങളില്‍ താവളമുറപ്പിച്ച പുലികള്‍ക്ക് അര്‍ദ്ധ രാത്രിയൊടെ പൂശുന്ന വെള്ളച്ചായമാണ് പുലിച്ചമയത്തിന്റെ ആദ്യഘട്ടം.വെള്ളച്ചായം ശരീരത്തില്‍ ഉണങ്ങിപ്പിടിയ്ക്കാനുള്ള രണ്ടുമണിക്കുറിലേറെ പുലികള്‍ക്ക് പരീക്ഷണഘട്ടമാണ് .കൈകള്‍ ദേഹത്ത് ഉരസിയാല്‍ ചായം പൊകുമെന്നതിനാല്‍ ക്രൂശിത രൂപം‌പൊലെ ഈ നേരമത്രയും നില്‍ക്കേണ്ടീ വരും .ചമയപ്പുരകളില്‍ കൈകള്‍ വിടര്‍ത്തി വടി കുത്തി നടക്കുന്ന കൌതുകപ്പുലികളേയും ഈ ഘട്ടത്തില്‍ കാണാം.വയറ്റില്‍ പുലിമുഖവും ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ വര്‍ണ്ണ വരകളും വരച്ചാണ് പുലികളെ ഇറക്കത്തിന് തയ്യാറാക്കുക .
പുലിയിറക്കം ക്ഴിഞ്ഞ് മണ്ണെണ്ണ കൊണ്ട് ചായം ദേഹത്തുനിന്ന് തേച്ചിറക്കി ഓലച്ചീന്തുകൊണ്ട് വടിച്ചിറക്കിക്കളയുകയാണ് പതിവ്.
( മനോരമ ദിനപ്പത്രത്തില്‍ വന്ന കല്യാണ്‍ സില്‍ക്‍സിന്റെ പരസ്യത്തില്‍നിന്ന് )