jv

Thursday, May 31, 2007

പ്രകൃതിജീവനത്തിലൂടെ മെലിച്ചില്‍ തടയാം ( പുസ്തകാസ്വാദനം )



സമകാലിക സമൂഹത്തിലെ പലരുടേയും പ്രശ്നം എങ്ങനെ വണ്ണം കുറയ്ക്കാം എന്നതാണ് . ഇതിനുവേണ്ടി നമ്മുടെ നാട്ടില്‍ പല ഹെല്‍ത്ത് ക്ലബ്ബുകളും പല പദ്ധതികളും ആസൂത്രണം ചെയ്തീട്ടുണ്ട് . അമിതവണ്ണത്തെക്കുറിച്ച് (Obesity ) ധാരാളം ലേഖനങ്ങള്‍ എഴുതപ്പെട്ടീട്ടുണ്ട് .എന്നാല്‍ , മെലിഞ്ഞവരുടെ നൊമ്പരങ്ങള്‍ എങ്ങനെയോ അവഗണിയ്ക്കപ്പെടുന്നു. ഇത് മുതലെടുക്കാനായിട്ടായിരിയ്ക്കാം പത്രമാസികകളിലും ടി വി യിലുമൊക്കെ മെലിച്ചില്‍ തടയാനുള്ള നിവാരിണികളുടെ പരസ്യങ്ങള്‍ സ്ഥലം പിടിച്ചീട്ടുള്ളത് . ഇത്, ഒന്നല്ല, ഏറെത്തന്നെയുണ്ട് . ഇതില്‍നിന്നും വ്യക്തമാകുന്നത് ഇതൊരു ന്യൂനപക്ഷ പ്രശ്നമല്ല എന്നുള്ളതാണ്.


പ്രശസ്ത പ്രകൃതി ചികിത്സകനായ ഡോ അലന്‍മോയില്‍ (Dr. Alan Moyle N.D, M.B.N.O.A.) എഴുതിയ The Natural Way To Gain Weight എന്ന പുസ്തകം മെലിഞ്ഞവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിയ്ക്കുന്നു. ഈ പുസ്തകത്തിന്റെ പ്രസാധകര്‍ THORSONS PUBLISHERS LIMITED ,WELLINGBOROUGH,NORTHAMTONSHIRE ആണ്.


മെലിച്ചിലിന്റെ കാരണങ്ങള്‍


പലരും വിലപിയ്ക്കുന്നത് കേള്‍ക്കാറുണ്ട് ,” ഞാന്‍ നല്ലവണ്ണം ഭക്ഷണം കഴിയ്ക്കാറുണ്ട്. എന്നീട്ടും വണ്ണംവെയ്ക്കുന്നില്ല, “ അല്ലെങ്കില്‍ “ എന്തൊക്കെ കഴിച്ചീട്ടും ഞാന്‍ തടിവെയ്ക്കുന്നില്ല“ എന്നൊക്കെ.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നത് ?

ഇതിനുത്തരം കണ്ടെത്തണമെങ്കില്‍ മെലിച്ചിലിനുകാരണമായ ഘടകങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.


പലപ്പോഴും മെലിഞ്ഞ വ്യക്തി മറ്റുള്ളവരേക്കാള്‍ ഊര്‍ജ്ജസ്വലരായി കാണാറുണ്ട്. ഈ അമിത ഊര്‍ജ്ജസ്വലതതന്നെ മെലിച്ചിലിന് വഴിവെയ്ക്കുന്ന ഒന്നാണ്.അതായത് ഊര്‍ജ്ജസ്വലനായ മെലിഞ്ഞവ്യക്തി അമിതഭക്ഷണം കഴിച്ചാലും വണ്ണം വെയ്ക്കുന്നില്ല.എന്തുകൊണ്ടെന്നാല്‍ , അമിതഭക്ഷണംവഴി നേടുന്ന കൊഴുപ്പ് ശാരീരിക ചലനങ്ങള്‍ നിമിത്തം (ഊര്‍ജ്ജസ്വലത മൂലം ) ഇല്ലാതായിത്തീരുന്നു.


ശാരീരിക അസുഖങ്ങള്‍ , പോഷകാഹാരക്കുറവ് ,എന്നിവയും മെലിച്ചില്‍ ഉണ്ടാക്കുന്നവയാണ്. ചില ശാരീരിക അസുഖങ്ങള്‍ നികിത്തം രുചിയില്ലായ്മ അനുഭവപ്പെടുന്നു. ഇത് ആഹാരം കഴിയ്ക്കുന്നതില്‍ കുറവ് വരുത്തുന്നു.


ചിലര്‍ ഭക്ഷണം കഴിയ്ക്കുന്നതിന് വളരേ കുറച്ച് സമയം മാത്രമേ ചിലവഴിയ്ക്കുകയുള്ളൂ. ഇത് അപൂര്‍ണ്ണമായ ദഹനത്തിന് വഴിവെയ്ക്കുന്നു.വേറെ ചിലര്‍ക്കാകട്ടെ , ചില ഭക്ഷ്യവസ്തുക്കളോട് അമിതമായ വേറുപ്പായിരിയ്ക്കും. അതിനാല്‍ അവര്‍ മിയ്ക്കപ്പോഴും അവയെ ഒഴിവാക്കുന്നു. ഇവയും മെലിച്ചിലിന് കാരണമാകാം.


ഭക്ഷ്യവസ്തുക്കളുടെ കുറഞ്ഞ ഓക്സീകരണനിരക്കിന്റെ ഫലമായി ഉപാപചയ പ്രവര്‍ത്തനനിരക്ക് (Metabolic Rate ) കുറയുന്നു. തല്‍ഫലമായി ക്ഷീണം ,നിരാശ,വിശപ്പില്ലായ്മ .. .....എന്നിവ അനുഭവപ്പെടാം. വിശപ്പില്ലായ്മ ഭക്ഷണം കഴിയ്ക്കുന്നതില്‍ കുറവ് വരുത്തുമല്ലോ.


പ്രമേഹം , ക്ഷയം,ഹൈപ്പര്‍ തൈറോയ്‌ഡിസം , മാനസിക ടെന്‍ഷന്‍ എന്നിവ നിമിത്തവും ശരീരം മെലിയാം. കുട്ടികളുടെ മെലിച്ചിലിന് അമിത വികാരാധീനത(Over exitement ) , നിരാശ, തെറ്റായ ദിനചര്യ, മോശമായ ഭക്ഷണം എന്നിവയൊക്കെ വഴിയൊരുക്കുന്നു.


ഭക്ഷണത്തിനു പകരം ചായ, സിഗരറ്റ് എന്നിവ ചിലര്‍ ഉപയോഗിയ്ക്കാറുണ്ട് . ഔഷധങ്ങള്‍, ഉത്തേജന വസ്തുക്കള്‍ എന്നിവ ചിലര്‍ നിത്യവും ഉപയോഗിയ്ക്കുന്നു. ഇത്തരമൊരു ജീവിതശൈലി ശരീരം മെലിയുന്നതിന് ഇടവരുത്തുന്നു.


മെലിച്ചിലിന്റെ മറ്റൊരു പ്രധാന കാരണം ദഹനേന്ദ്രിയങ്ങളുടെ തകരാറാണ്. ഇതുമൂലം കഴിച്ച ഭക്ഷണത്തില്‍നിന്നും പോഷകങ്ങളെ ശരീരത്തിന് ശരിയായ അളവില്‍ ആഗിരണം ചെയ്യാന്‍ കഴിയാതെ വരുന്നു. അതായത് ,പല മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്കും വളരേ കുറച്ച് ഭക്ഷണത്തെ മാത്രമേ ദഹിപ്പിയ്ക്കുന്നതിന് കഴിയുകയുള്ളൂ. പക്ഷെ, അവര്‍ വണ്ണം വെയ്ക്കാനുള്ള അത്യാഗ്രഹം നിമിത്തം കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ ദഹനക്കേടും തുടര്‍ന്ന് മറ്റ് അനുബന്ധ അസുഖങ്ങളും ഉണ്ടാകുന്നു. ഇത് പ്രസ്തുത വ്യക്തിയെ കൂടുതല്‍ മെലിയുന്നതിലേയ്ക്ക് നയിക്കുന്നു.


ദഹിയ്ക്കാത്ത ഭക്ഷണം കുടലില്‍ എത്തുമ്പോള്‍ അത് അവിടെ അസ്വസ്ഥത സൃഷ്ടിയ്ക്കുന്നു. ഉദരരോഗമുള്ളവര്‍ക്ക് മാനസിക ടേന്‍ഷന്‍ അനുബന്ധമായി കണ്ടുവരാറുണ്ടല്ലോ. അതുകൊണ്ട് മെലിഞ്ഞ ആളുകള്‍ കൂടുതലായി മാനസികടെന്‍ഷന് വിധേയരാകുന്നു.


ചീത്ത ഭക്ഷണം കഴിയ്ക്കല്‍ ,തെറ്റായ ഭക്ഷണരീതികള്‍ അവലംബിയ്ക്കല്‍ എന്നിവ നിമിത്തവും ശരീരം മെലിയാറുണ്ട് . അതായത് ഭക്ഷണം വേണ്ടവിധത്തില്‍ ചവച്ചരച്ചില്ലെങ്കില്‍ ദഹനക്കേട് സംഭവിയ്ക്കാം. ഭക്ഷണം‘ ചവച്ചരയ്ക്കല്‍ ‘എന്ന പ്രക്രിയയില്‍ ‘പല്ലുകള്‍‘ മുഖ്യസ്ഥാനം വഹിയ്ക്കുന്നു. വിടവുള്ള പല്ലുകള്‍ ,വരിതെറ്റിയ പല്ലുകള്‍ എന്നിവകൊണ്ട് ശരിയായി ചവച്ചരയ്ക്കാന്‍ കഴിയുകയില്ല.


വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ അപൂര്‍ണ്ണമായ ദഹനത്തിന് ഇടയാക്കുന്നു. പലമെലിഞ്ഞ വ്യക്തികളും ഇത്തരം ഭക്ഷ്യവസ്തുക്കളോട് ആസക്തിയുള്ളവരാണ് . അതുകൊണ്ട് അവര്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ ധാരാളം കഴിയ്ക്കുന്നു. ചിലപ്പോള്‍ വണ്ണംവെയ്ക്കാനുള്ള ആഗ്രഹം നിമിത്തമാകാം ഇങ്ങനെ ചെയ്യുന്നത് . പക്ഷെ, സംഭവിയ്ക്കുന്നതോ ; കൊഴുപ്പ് തീരെ ദഹനത്തിന് വിധേയമാകാതിരിയ്ക്കുകയും അസിഡിറ്റി ഉണ്ടാകുകയും ചെയ്യുന്നു.


ഭക്ഷണത്തിന്റെ സ്വഭാവം ,പാചകം ചെയ്ത രീതി , ആഹാരം കഴിയ്ക്കുമ്പോള്‍ വ്യക്തിയുടെ മാനസീകാവസ്ഥ എന്നിവയ്ക്ക് ദഹനവുമായി ബന്ധമുണ്ട് . ഇടയ്ക്കിടെ ഭക്ഷണം കഴിയ്ക്കുന്ന രീതി നല്ലതല്ല. ഉദാഹരണമായി , കാലത്ത് പ്രാതലിനും ഉച്ചയൂണിനുമിടയ്ക്കുള്ള സമയത്ത് പലരും ഇടയ്ക്കിടെ എന്തെങ്കിലും കഴിയ്ക്കുക പതിവാണ് . ഇത് ദഹനത്തിന് ദോഷം ചെയ്യുന്നു. അപൂര്‍ണ്ണമായ ദഹനം മെലിച്ചിലിന് വഴിവെയ്ക്കുമെന്ന് മുന്‍പ് സൂചിപ്പിച്ചതാണല്ലോ .


തൈറോയ്‌ഡ് ഗ്രന്ഥിയുടേ പ്രവത്തനം


തൈറോയ്‌ഡ് ഗ്രന്ഥികള്‍ക്ക് ശരീരഭാരവുമായി ബന്ധമുണ്ട് . ഈ ഗ്രന്ഥി പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണാണ് തൈറോക്സിന്‍.(Thyroxin ) .ഈ ഹോര്‍മോണ്‍ ശരീരത്തിലെ ഓക്സിഡേഷന്‍ പ്രക്രിയയെ നിയന്ത്രിയ്ക്കുന്നു. ഈ ഹോര്‍മോണിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്യ്‌ഡിസം (Hypothyroidism ) എന്നപേരില്‍ അറിയപ്പെടുന്നത് . കുട്ടികളില്‍ ഇത് ക്രെറ്റിനിസത്തിന് (ശരീരവലുപ്പം കുറയല്‍ ) കാരണമാക്കുന്നു. വലിയവരില്‍ ഇത് Myxoedema ഉണ്ടാക്കുന്നു. വിളര്‍ച്ചാരോഗത്തില്‍ (Anaemia ) കണ്ണൂകള്‍ പുറത്തേയ്ക്ക് തള്ളിവരുന്ന അവസ്ഥയാണ് Myxoedema എന്നപേരില്‍ അറിയപ്പെടൂന്നത് . ഹൈപ്പോതൈറോയ്‌ഡിസം മൂലം മാനസികാസ്വസ്ഥ്യം ,സാവധാനത്തിലുള്ള സംഭാഷണം, തലമുടികൊഴിയല്‍ ,ശരീരോഷ്മാവ് കുറയല്‍ എന്നിവയൊക്കെ അനുഭവപ്പെടാം.


തൈറോയ്‌ഡ് ഗ്രന്ഥി വലുതാകുന്നതുനിമിത്തം വര്‍ദ്ധിച്ച ഹോര്‍മോണ്‍ ഉല്പാദനം നടക്കുന്നു. ഈ അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്‌ഡിസം (HYperthyroidism ) എന്നുപറയുന്നത്. ഈ രോഗമുള്ള വ്യക്തിമെലിയുകയും എളുപ്പം ക്ഷോഭിയ്ക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. രോഗിയുടെ ഹൃദയമിടിപ്പും പ്രഷറും വര്‍ദ്ധിച്ചിരിയ്ക്കും.ഉപാപചയപ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ദ്ധിയ്ക്കുന്നു. ഇതുമൂലം ശരീരത്തിലെ കൊഴുപ്പിനും മാംസപേശികള്‍ക്കും ശോഷണം സംഭവിയ്ക്കുന്നു.


മെലിച്ചില്‍ പരിഹരിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട് . വ്യായാമം, ഉപവാസം,ഭക്ഷണനിയന്ത്രണം, പ്രത്യേക ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുക്കല്‍ ,ജലചികിത്സ എന്നിവ മെലിച്ചില്‍ പരിഹരിയ്ക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഈ പുസ്തകത്തില്‍ വിശദമായി പ്രതിപാദിയ്ക്കുന്നു.


അടുത്തതായി , ശരീരഭാരം ഏതുവരെയാകം എന്നുള്ളതുതന്നെ തര്‍ക്കത്തില്‍പ്പെട്ട സംഗതിയാണ് .പ്രകൃതിയിലെ ആരോഗ്യമുള്ള ജീവികള്‍ ഒരിയ്ക്കലും വണ്ണമുള്ളവയല്ല ; എന്നാല്‍ ഏറെ മെലിഞ്ഞെവയുമല്ല . അതിനാല്‍ത്തന്നെ ‘വണ്ണ’ത്തിന്റെ കാര്യത്തില്‍ മദ്ധ്യമസ്ഥാനത്തുള്ളവര്‍ വിഷമിയ്ക്കേണ്ട കാര്യവുമില്ല.

Wednesday, May 30, 2007

നഗരത്തില്‍ ജീവിക്കുന്നവര്‍ക്കുണ്ടാകുന്ന വൈകൃതങ്ങളെക്കുറിച്ചൊരു മുന്നറിയിപ്പ് !‍!! (പുസ്തകപരിചയം)



പ്രകൃതിജീവന തല്പരരായ വായനക്കാര്‍ക്ക് പ്രസ്തുത വിഷയത്തില്‍ ഒട്ടേറെ പുത്തന്‍ അറിവുകള്‍ സമ്മാനിയ്ക്കുന്ന ഗ്രന്ഥമാണ് THE HUMAN ZOO. പ്രസിദ്ധ ജന്തുശാസത്രജ്ഞനായ ഡസ്‌മണ്ട് മോറിസ് (Desmond Moris ) ആണ് ഈ ഗ്രന്ഥം രചിച്ചീട്ടുള്ളത് . അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ധഗ്രന്ഥമായ THE NAKED APE ഏകദേശം പത്തുമില്യണ്‍ കോപ്പികള്‍ക്കപ്പുറം വിറ്റുകഴിഞ്ഞീട്ടുണ്ട് . മാത്രമല്ല ,ഒട്ടേറെ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തീട്ടുമുണ്ട്. മനുഷ്യന്റേയും മൃഗങ്ങളുടേയും സ്വഭാവത്തെക്കുറിച്ചുള്ള മോറിസിന്റെ ടേലിവിഷന്‍ പ്രോഗ്രാമുകള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


നഗരത്തെ ഒരു മനുഷ്യ മൃഗശാല (HUMAN ZOO.) ആയിട്ടാണ് ഗ്രന്ഥകാരന്‍ വിഭാവനം ചെയ്യുന്നത്. പ്രസ്തുത നഗരമാകട്ടെ ,മനുഷ്യമസ്തിഷ്കത്തിലുദിച്ച ആശയങ്ങളുടെ പ്രവര്‍ത്തനഫലമായി നിര്‍മ്മിതമായിട്ടുള്ളതാണുതാനും! അതിനാല്‍തന്നെ നഗരം പ്രകൃതിയിനിന്ന് ഒട്ടേറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നു. അതുകൊണ്ടൂതന്നെ ഈ കൃത്രിമത്വത്തില്‍ അധിഷ്ഠിതമായ ആവാസവ്യവസ്ഥയില്‍ ജീവിയ്ക്കുന്ന മനുഷ്യന്റെ സ്വഭാവങ്ങളിലും വ്യത്യാസങ്ങള്‍ പ്രകടമാകുന്നു. പ്രകൃതിയില്‍ അല്ലെങ്കില്‍ വനത്തില്‍ ജീവിയ്ക്കുന്ന വന്യമൃഗങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ , അവ വളരേ അധികരിച്ച തോതില്‍ പെറ്റുപെരുകുന്നില്ല. മാത്രമല്ല, വേറെയും സ്വഭാവ വിശേഷങ്ങള്‍ പ്രകടിപ്പിയ്ക്കുന്നില്ല. അതായത് അവ സ്വയംഭോഗം ചെയ്യുന്നില്ല, അവ സഹോദരങ്ങളെ ആക്രമിയ്ക്കുന്നില്ല, അവയുടെ വയറ്റില്‍ അള്‍സര്‍ ഉണ്ടാകുന്നില്ല, അവയ്ക്ക് അമിത വണ്ണം ഉണ്ടാകുന്നില്ല, ഇതിനൊക്കെ അതീതമായി അവ ആത്മഹത്യ ചെയ്യുന്നില്ല. പക്ഷെ, ഇവയുടെയൊക്കെ അതിപ്രസരം കാണുന്നത് നഗരത്തില്‍ ജീവിയ്ക്കുന്ന മനുഷ്യരിലാണ് . ഇത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണോ ? ഒറ്റ നോട്ടത്തില്‍ അങ്ങനെയാണെന്ന് തോന്നാം. പക്ഷെ, സത്യം അതല്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ മൃഗങ്ങളും മുന്‍പു പ്രസ്താവിച്ചപോലെ പെരുമാറും !! മൃഗങ്ങളെ , ചില പ്രത്യേക സാഹചര്യങ്ങളില്‍ തടങ്കലിലിട്ടാല്‍ അവയും അസാധാരണ സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിയ്ക്കുന്നു. ഇത്തരത്തില്‍ ചിന്തിച്ചാല്‍ , നഗരത്തിനെ മനുഷ്യമൃഗശാലയായി കണക്കാക്കിയതില്‍ തെറ്റില്ല. ഇവിടെ താരതമ്യപ്പെടൂത്തിയത് നഗരമനുഷ്യനേയും വന്യമൃഗത്തേയും തമ്മിലല്ല. മറിച്ച് നഗരമനുഷ്യനേയും തടങ്കിലാക്കപ്പെട്ട മൃഗത്തിനേയും തമ്മിലാണ് . ആധുനിക മനുഷ്യന്‍ അവന്റെ വര്‍ഗ്ഗത്തിന് അനുയോജ്യമായ (പ്രകൃതിദത്തമാ‍യ) സാഹചര്യത്തിലല്ല ജീവിയ്ക്കുന്നത്. മറിച്ച് , അവന്റെ തന്നെ ബുദ്ധിസമ്മാനിച്ച തടങ്കലിലകപ്പെട്ട് ജീവിയ്ക്കുന്നു.


ഇത്തരത്തിലുള്ള ദൂഷ്യഫലങ്ങളൊക്കെയുണ്ടെങ്കിലും , മൃഗശാലയില്‍ ജീവിയ്ക്കുന്ന വന്യമൃഗത്തിന് ധാരാളം ഗുണഫലങ്ങള്‍ (?) ലഭിയ്ക്കുന്നുണ്ട് ! വെള്ളം, ഭക്ഷണം,താമസം,സുരക്ഷ,വൃത്തി,വൈദ്യസഹായം തുടങ്ങിയവയൊക്കെ ഇവയ്ക്കുലഭിയ്ക്കുന്നു. അതിനാല്‍ മൃഗശാലയിലകപ്പെട്ട വന്യ മൃഗത്തിന് ധാരാളം ഒഴിവുസമയം ലഭിയ്ക്കുന്നു. ചില മൃഗങ്ങള്‍. ഒരു നിവൃത്തിയുമില്ലാതെ , വിശ്രമിയ്ക്കുകയോ ഉറങ്ങുകയോ ചെയ്യുന്നു. ചില മൃഗങ്ങളില്‍ ഇത്രമാത്രം , ‘ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ’ പല പ്രശ്നങ്ങളും സൃഷ്ടിയ്ക്കുന്നു.



നഗരത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതെന്തുകൊണ്ട് ?


നഗരത്തില്‍ പല ജീവിതശൈലിയും അവശ്യമായിട്ടുള്ളതല്ല; മറിച്ച് അനാവശ്യവും ഉപദ്രവകരവുമാണ് .വീട്ടിലിരുന്നോ അല്ലെങ്കില്‍ സൌഹൃദ സന്ദര്‍ശന വേളകളിലോ ഭക്ഷണ-പാനീയങ്ങള്‍ കഴിയ്ക്കുകയാണെങ്കില്‍ , നാം വിശപ്പുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് ഉറപ്പിച്ചുപറയുവാന്‍ പറ്റുകയില്ലല്ലോ. അതുപോലെത്തന്നെ , പലരും നേരം പോകാന്‍ വേണ്ടി കടലയും മറ്റും കൊറിയ്ക്കുന്നത് സാധാരണയാണല്ലോ.(ഇതും വിശപ്പുകൊണ്ടല്ല തന്നെ) . ഈ അനാവശ്യ രസനേന്ദ്രിയ പ്രയോഗത്തെ അത്യാവശ്യമാക്കിമാറ്റുകയാണ് മിഠായിക്കമ്പനികളും ഐസ് ക്രീം പാര്‍ലറുകളും ചെയ്യുന്നത്.


ഇന്ദ്രിയങ്ങളുടെ അനാവശ്യ ഉപയോഗം ആഹാരാദികളുടെ കാര്യത്തില്‍ മാത്രമല്ല ലൈംഗികതയുടെ കാര്യത്തിലും നഗരത്തില്‍ നടക്കുന്നു. ഇത്തരത്തില്‍ ,ലൈംഗികതയുടെ അനാവശ്യപ്രവണതകള്‍ സമൂഹത്തില്‍ ഒട്ടേറെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. ലൈംഗികവികാരത്തിന്റെ പ്രധാനകര്‍ത്തവ്യം “ സ്വന്തം ജീവിവര്‍ഗ്ഗത്തെ ജനിപ്പിയ്ക്കുക” എന്നുള്ളതാണല്ലോ. പക്ഷെ, നഗരത്തില്‍ ജനസാന്ദ്രത കൂടുതലാണ്. അതുകൊണ്ടൂതന്നെ ,നഗരമെന്ന മനുഷ്യമൃഗശാലയില്‍ ‘ജനനത്തെ’ ആസ്പദമാക്കിയുള്ള ലൈംഗികത ചുരുക്കപ്പെടേണ്ടതാണ്. അല്ലെങ്കില്‍ അത് പല പ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കും.പൂരിതാവസ്ഥയിലെത്തിയ ഈ ജനസാന്ദ്രത കലാപത്തിനും യുദ്ധത്തിനും സാംക്രമിക രോഗത്തിനും വഴിവെയ്ക്കാറുണ്ട്. ഇത്തരത്തില്‍ വഴിവെയ്ക്കുന്നത് പ്രകൃതിയുടെ സന്തുലിത ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണേന്നേ പറയാനൊക്കൂ. ജനനത്തെ ആസ്പദമാക്കിയുള്ള ലൈംഗികത അമര്‍ത്തപ്പെടുമ്പോള്‍ അത് പല വിധത്തിലുള്ള ലൈംഗികശീലങ്ങള്‍ക്കും വഴിവെച്ചേക്കും; പ്രത്യേകിച്ച് ലൈംഗിക വൈകൃതങ്ങള്‍ക്ക് !!! അങ്ങനെ നേരം കളയാനും വിനോദത്തിനുമൊക്കെ വാണിജ്യശക്തികള്‍ ലൈംഗികതയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.




വാര്‍ദ്ധക്യത്തില്‍ ‘സ്വസ്ഥത‘ നല്ലതാണോ ?


റിട്ടയര്‍ ചെയ്യാറാവുമ്പോള്‍ , ഇനിയങ്ങോട്ട് പ്രശ്നങ്ങളും ടെന്‍ഷനുമൊന്നുമില്ലാത്ത വാര്‍ദ്ധക്യകാലം ആസ്വദിച്ച് സുഖമായി കഴിയാം എന്നുചിലര്‍ ചിന്തിയ്ക്കാറുണ്ട്. ഇനി, മുന്‍പറഞ്ഞതുപോലെ വാര്‍ദ്ധക്യം ആസ്വദിച്ച് ഒരു വ്യക്തി കഴിയുകയാണെങ്കില്‍ അയാളുടെ ആയുസ്സിന് അത്രയേറേ ദൈര്‍ഘ്യം ഉണ്ടാകില്ലെന്നാണ് കരുതപ്പെടേണ്ടത് . ഇതിനു കാരണമായി , ‘ ഡെസ്‌മണ്ട് മോറിസ് ‘ നല്‍കുന്ന വിശദീകരണം ‘സ്റ്റിമുലസ് സ്ട്രഗിള്‍’ (Stimulus Struggle) എന്ന സിദ്ധാന്തത്തിലൂടെയാണ്.

അതായത് ജീവിതത്തില്‍ നാം പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. ഈ പ്രശ്നങ്ങളെ തെറ്റായി കൈകാര്യം ചെയ്താല്‍ നാം അപകടത്തില്‍ ചെന്നുപെടുന്നു. ഒരു വ്യക്തി ജീവിയ്ക്കുന്ന പരിസ്ഥിതികളില്‍നിന്നുള്ള വെല്ലുവിളികളെ വിജയകരമായി നേരിടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതുവഴിയാണ് പ്രസ്തുത വ്യക്തി ഔന്നത്യത്തിലെത്തിച്ചേരുന്നത് . അതുകൊണ്ട് പ്രശ്നങ്ങളെ നാം ഒഴിവാക്കുകയല്ല വേണ്ടത് ; മറിച്ച് സ്വീകരിയ്ക്കുകയാണ്. എന്നുവെച്ച് പരിസ്ഥിതികളില്‍നിന്നുള്ള എല്ലാതരം വെല്ലുവിളികളേയും സ്വീകരിയ്ക്കുന്നത് നല്ലതാണെന്നുകരുതരുത് . അങ്ങനെ ചെയ്താല്‍ നാം വെല്ലുവിളികളുമായുള്ള യുദ്ധത്തില്‍ തകര്‍ന്നുപോകും. എന്നാല്‍, വളരേ കുറച്ചുമാത്രം സ്വീകരിച്ചാലും പോരതന്നെ. ഈ രണ്ട് അതിര്‍വരമ്പുകള്‍ക്കിടയിലായിരിയ്ക്കണം നാം സ്വീകരിയ്ക്കേണ്ട വെല്ലുവിളികളുടെ അളവ് . ഉദാഹരണത്തിനായി , റേഡിയോവില്‍നിന്നുവരുന്ന ശബ്ദത്തിന്റെ അളവ് ക്രമീകരിയ്ക്കുന്നതുമായി നമുക്ക് താരതമ്യപ്പെടുത്താം. വല്ലാതെ ശബ്ദം കൂട്ടിയാല്‍ നമുക്ക് അസ്വസ്ഥതയും ചെവിവേദനയും അനുഭവപ്പെടുന്നു. എന്നാല്‍ തീരെ ശബ്ദം കുറച്ചാലോ കേള്‍ക്കാന്‍ സാധിയ്ക്കുകയുമില്ല. എന്നാലോ, സുഖകരമായ ശ്രവണം സാദ്ധ്യമാകുന്ന രീതിയില്‍ ശബ്ദം ക്രമീകരിയ്ക്കേണ്ടതുണ്ട്. ഇതുപോലെത്തന്നെയാണ് ‘വെല്ലുവിളി സ്വീകരണത്തിന്റേയും സ്ഥിതി’ !!


ലളിതവും രസകരവുമായ വിവരണങ്ങളിലൂടെ പലശാസ്ത്രസത്യങ്ങളും ‘ ഡെസ്‌മണ്ട് മോറിസ് ‘ ഈ ഗ്രന്ഥത്തിലൂടേ വ്യക്തമാക്കുന്നു. ഇതില്‍ പലതും അദ്ദേഹത്തിന്റെ തന്നെ ദീര്‍ഘകാല നിരീക്ഷണത്തിലൂടെ കണ്ടെത്തിയതാണെന്ന വസ്തുത ഇവിടെ സ്മരിയ്ക്കേണ്ടതുണ്ട് .


Tuesday, May 29, 2007

S.S.L.C യ്ക്ക് 42% മാത്രം മാര്‍ക്ക് വാങ്ങിയ I.A.S കാരന്റെ ആത്മകഥ! (പുസ്തകപരിചയം )



ഗ്രന്ഥത്തിന്റെ പേര് : ഇന്ത്യ മാറ്റത്തിന്റെ മുഴക്കം

ഗ്രന്ഥകാരന്റെ പേര് : അല്‍ഫോണ്‍സ് കണ്ണന്താനം

വിവര്‍ത്തകന്‍ : എം.പി. സദാശിവന്‍

വിതരണം : ഡി.സി. ബുക്സ്,കോട്ടയം-686001



ഗ്രന്ഥകാരനെക്കുറിച്ച് :


(1) വൈദ്യുതിതി എത്തിയിട്ടില്ലാത്ത കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച കെ.ജെ.അല്‍ഫോണ്‍‌സ് കേവലം 45

ശതമാനം മാര്‍ക്ക് കിട്ടിയാണ് മെട്രിക്കുലേഷന്‍ പരീക്ഷ ജയിച്ചത് .

(2) 1954ല്‍ ജനിച്ചു

(3) 1979ല്‍ ഐ.എ.സ് ലഭിച്ചു

(4)1979 ജൂലൈ മാസത്തില്‍ മുസ്സൂറിയിലെ നാഷണല്‍ അക്കാഡമി ഓഫ് അഡ്‌മിനിസ്ട്രേഷന്റെ പാതയിലൂടെ നീട്ടി

വളര്‍ത്തിയ തലമുടിയുമായി നടന്നുനീങ്ങിയ ഒരു ചെറുപ്പക്കാരന്‍ , മുടി മുറിച്ചുകളയാന്‍ നിര്‍ബ്ബന്ധിതനായെങ്കിലും

തന്റെ വ്യക്തിത്വം ഒരു വ്യവസ്ഥിതിയ്ക്കും അടിയറവെയ്ക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു.



ഗ്രന്ഥത്തെക്കുറിച്ച് :


(1) ഡല്‍ഹി ഡവലപ്‌മെന്റ് അതോറിട്ടി കമ്മിഷണറായ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ജനശ്രദ്ധ

ആകര്‍ഷിച്ചിരുന്നു.രാഷ്ട്രീയത്തിലും മറ്റുതരത്തിലുമുള്ള സ്വാധീനമുപയോഗിച്ച് സര്‍ക്കാര്‍ വക

ഭൂമികൈവശപ്പെടൂത്തിയ നൂറുകണക്കിനു വ്യക്തികള്‍-- അവരില്‍ പലരും രാഷ്ട്രീയ രംഗത്തെ പ്രഗല്‍ഭരായിട്ടുകൂടി--

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. (ഇപ്പോഴത്തെ മൂന്നാര്‍ സ്മരണീയം ?)

(2) “ സ്ക്കൂളില്‍ ഞാനൊരു മണ്ടനായിരുന്നു.ശരിയ്ക്കുമൊരു മണ്ടന്‍ കുഞ്ചു.ഒരു സമ്മാനവും കിട്ടിയില്ല. എന്നെക്കോണ്ട്

ഒന്നുംകൊള്ളുകയില്ലെന്ന് എല്ലാവരും പറഞ്ഞു”

(3)സാക്ഷരതായജ്ഞത്തെക്കുറിച്ച് - ആദ്യത്തെ സാക്ഷരതാ ജില്ലയെക്കുറിച്ച്

(4) അപൂര്‍വ്വം ചിലര്‍ എന്ന ഭാഗത്ത് താഴെ പറയുന്നവരെക്കുറിച്ച് പറയുന്നു.

മദര്‍ തെരേസ,അണ്ണാഹസാരെ,ഡോക്ടര്‍ രാ‍ജേന്ദ്രകുമാര്‍ സേത്,ഡോ: വര്‍ഗ്ഗീസ് കുര്യന്‍ , അബ്ദുള്‍ കലാം(പ്രവചനം

ശരിയായി ) ,എം.എസ്.ഒബ്‌റോയ്,ഡോ എച്ച്. ആര്‍. സുദര്‍ശന്‍,ജസ്റ്റീസ് കുല്‍‌ദീപ് സിംഗ്,ഡോ എച്ച് . ആര്‍

.സുദര്‍ശന്‍,ഡോ ബിനേശ്വര്‍ പാഠക് , ജെ .ആര്‍. ഡി. ടാറ്റ , ജി . ആര്‍. ഖൈനാര്‍,കിരണ്‍

ബേഡി,റീത്താസിംഗ്,ടി.എന്‍ ശേഷന്‍

(5) വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഗ്രന്ഥം.

Monday, May 28, 2007

വിഷസങ്കലന സിദ്ധാന്തം വിശദീകരിയ്ക്കപ്പെടുന്നു.(പുസ്തകപരിചയം )



ഗ്രന്ഥകര്‍ത്താവിന്റെ പേര് :
ഡോ.ജോണ്‍ എച്ച് ടില്‍‌ഡന്‍

പരിഭാഷകന്‍:
ഡോ ടി.എ.ശേഖരന്‍ ,എം.എ.,എന്‍.ഡി,എം.ഐ.ബി.എന്‍

വിതരണക്കാര്‍:
മഹാത്മാ പ്രകൃതി ചികിത്സാ കേന്ദ്രം ,തളിപ്പറമ്പ്,പി.ഒ.കരിമ്പം,കണ്ണൂര്‍-670 142



ശ്രീ വിദ്യാധിരാജാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് നേച്ചുറോപ്പതി,ചെട്ടിക്കുളങ്ങര,തിരുവന്തപുരം-695 001

ഗ്രന്ഥത്തെക്കുറിച്ച്:


(1)Toxaemia Explained എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണിത്.

(2) ഒരു ഉപവാസം,ശയ്യാ വിശ്രമം, സിരാക്ഷീണമുണ്ടാക്കുന്ന ശാരീരികമോ മാനസികമോ ആയ ശീലങ്ങളുടെ തിരസ്കാരം എന്നിവ ശരീരത്തില്‍ സംഭരിയ്ക്കപ്പെട്ടുകിടക്കുന്ന വിഷങ്ങളെ വിസര്‍ജ്ജിയ്ക്കാന്‍ പ്രകൃതിയ്ക്ക് അവസരം നല്‍കും.

(3)മൊത്തത്തിലുള്ള സിരാക്ഷീണത്തിന്റെ സാ‍മാന്യമായ ഒരു പ്രകാശനമാണ് രോഗം

(5)“യുദ്ധം ആവശ്യമാണോ ?” ഈ ചോദ്യം കഴിഞ്ഞ ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട 74,85,000 പേരോട് ചോദിച്ചാല്‍ എന്തായിരിയ്ക്കും മറുപടി?

(6)കാന്‍സര്‍ മുറിച്ചുനീക്കിയതുകൊണ്ട് രോഗം എന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിയ്ക്കുകയില്ല.കാന്‍സര്‍ അവസാനത്തെ ലക്ഷണമാണ് . അത ആദ്യത്തെ കാരണമാവുകയില്ല.

(7) ലോകത്തിലുള്ള എല്ലാ ഔഷധങ്ങളും കടലില്‍ കെട്ടിത്താഴ്ത്തിയാല്‍ അത് മനുഷ്യവര്‍ഗ്ഗത്തിന് ഉപകാരമാവും; മത്സ്യങ്ങള്‍ക്ക് ദ്രോഹകരവും!

(8)പണമോഴിച്ച് മറ്റൊന്നും കിട്ടാത്ത തൊഴിലില്‍ ആര്‍ക്കും സംതൃപ്തിയടയാനാവില്ല. സൃഷ്ടിപരമല്ലാത്ത ഒരു തൊഴിലിലും ആര്‍ക്കും സംതൃപ്തി കണ്ടെത്താനാവില്ല.

(9)ശരീരത്തിന് സ്വാഭാവിഅകവും അന്യൂനവുമായ ഒരു വളര്‍ച്ചയുണ്ട് .അതിനേക്കാല്‍ വേഗത്തില്‍ വളരണമെന്നാണ് യുവാക്കള്‍ക്ക് മോഹം.ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്ക് എന്തൊരു തിടുക്കമാണ് അവരുടെ പൂര്‍വ്വഗാമികളുടെ മുമ്പില്‍ പദവികളില്‍ എത്താന്‍. പൂര്‍വ്വഗാമികളേക്കാള്‍ തങ്ങള്‍ക്ക് ശോഭിയ്ക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിയ്ക്കുന്നു.

(10)വേണ്ടത്ര അനുഭവസമ്പത്തില്ലാത്തതുമൂലം പക്വതാവസ്ഥയില്‍ എത്താന്‍ ധൃതിപ്പെട്ട് കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ആധുനിക നാഗരികതയുടെ സ്വഭാവം . അതവസാനിയ്ക്കുന്നത് ,അകാല നാശത്തിലാണ് .ചെറുപ്പത്തിലേ അതിവേഗതകാരണം പ്രായപൂര്‍ത്തിയാ‍യവര്‍ക്കുകൂടി നല്ല ഉപദേഷ്ടാക്കളാവാന്‍ കഴിയില്ല. കാലംകൊണ്ടും അനുഭവം കൊണ്ടും മാനസിക സന്തുലിതകൊണ്ടും പക്വമാകാത്ത വിജ്ഞാനം ഒരിയ്ക്കലും സമ്പന്നമാകുകയില്ല.

Wednesday, May 09, 2007

മുന്‍ പ്രധാനമന്ത്രി ശ്രീ .പി.വി.നരസിംഹറാവുവിന്റെ ആത്മകഥാസ്പര്‍ശമുള്ള നോവല്‍



പുസ്തകത്തിന്റെ പേര് : ഇന്‍സൈഡര്‍ (The Insider )

ഗ്രന്ഥകാരന്റെ പേര് : പി.വി .നരസിംഹറാവു

വിവര്‍ത്തകന്‍ :ശ്രീ .എന്‍.ഗോപാലകൃഷ്ണന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ് ,
കോട്ടയം-686001

.


ഗ്രന്ഥകാരനെക്കുറിച്ച് :



ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി 1921 ജൂണ്‍ 26 ന് ആന്ധ്രപ്രദേശിലെ കരിംനഗറില്‍ ജനിച്ചു. ഓസ്മാനിയ ,നാഗപൂര്‍ സര്‍വ്വകലാശാലകളില്‍ ഉപരിപഠനം നടത്തി.ഗണിതശാസ്ത്രത്തിലും നിയമത്തിലും ബിരുദം എടുത്തു.ഹൈദ്രാബാദ് സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മറ്റി ജനഃ സെക്രട്ടറി,നിയമസഭാംഗം, ആന്ധ്രാപ്രദേശ് നിയമ-വാര്‍ത്താ വിനിമയകാര്യമന്ത്രി,ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി,,പാര്‍ലിമെന്റ് അംഗം ,വിദേശകാര്യവകുപ്പുമന്ത്രി ,പ്രധാനമന്ത്രി എന്നീസ്ഥാനങ്ങള്‍ വഹിച്ചു.
.


വിവര്‍ത്തകനെക്കുറിച്ച് :



1934-ല്‍ കോട്ടയത്തു ജനിച്ചു.1956 -ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായി.

1957-ല്‍ ഇന്ത്യന്‍ റയിവേ സര്‍വ്വീസില്‍ പ്രവേശിച്ചു.

1994-ല്‍ റയില്‍‌വേ ട്രൈബ്യൂണല്‍ അംഗമായിരിയ്ക്കേ വിരമിച്ചു.

.


ഗ്രന്ഥത്തെക്കുറിച്ച് :



1.പ്രധാന കഥാപാത്രം: ആനന്ദ് (?)

2. “ഇതിലെ പ്രധാനകഥാപാത്രത്തിനെ അനുഭവങ്ങള്‍ പലപ്പോഴും എന്റെ സ്വന്തം അനുഭവത്തില്‍നിന്നാണ് ഉറവെടുത്തീ‍ട്ടുള്ളത് “

3.പിറ്റേദിവസത്തെ യോഗത്തിലൊന്നും ആശയങ്ങളൊന്നും പൊന്തിവന്നില്ല.മറ്റാരെക്കൊണ്ടെങ്കിലും പ്രധാനതീരുമാനങ്ങള്‍ എടുപ്പിച്ച് പിന്നിടെന്തെങ്കിലും കുഴപ്പം വന്നാല്‍ വിമര്‍ശിയ്ക്കാനുള്ള സ്വാന്ത്ര്യം കൈയ്യില്‍ സൂക്ഷിച്ചുകൊണ്ട് ചാരിയിരിയ്ക്കുക എന്നത് രാഷ്ട്രീയ വൃത്തങ്ങളിലെ സ്ഥിരം പരിപാടിയാണ് .

4.മുന്നിലിരിയ്ക്കുന്ന നിര്‍ദ്ദേശത്തെക്കുറിച്ച് അഭിപ്രായം പറയുക എത്രയോ എളുപ്പമാണ്

5.മാധ്യമങ്ങള്‍ മര്യാദക്കാരും മാന്യന്മാരുമായ രാഷ്ട്രീയക്കാരെ മാത്രമേ പരസ്യമായി അപലപിയ്ക്കാറുള്ളൂ.

Tuesday, May 08, 2007

ലൂയികൂനിയുടെ പ്രകൃതിചികിത്സാ ഗ്രന്ഥം (പുസ്തകപരിചയം )



ഗ്രന്ഥകാരന്റെ പേര് :ലൂയികൂനി

വിവര്‍ത്തനം: ടി.ടി.ജോണ്‍ കൊഴുവനാല്‍

പ്രസാധകര്‍: മഹാത്മ പ്രകൃതി ചികിത്സാകേന്ദ്രം ,
തളിപ്പറമ്പ് ,
കരിമ്പം .പി.ഒ.-670142


ഗ്രന്ഥകാരനെക്കുറിച്ച് :



എ.ഡി. 1844 ല്‍ ജര്‍മ്മനിയിലാണ് ലൂയികൂനി ജനിച്ചത് .ചെറുപ്പം മുതലേ പ്രകൃതി ദൃശ്യങ്ങളില്‍ ആകൃഷ്ടനാവുകയാല്‍ പ്രകൃതി നിരീക്ഷണത്തില്‍ തല്പരനായി .ഇരുപതാമത്തെ വയസ്സില്‍ ശ്വാസകോശത്തിലും ഉദരത്തിലും ക്യാന്‍സര്‍ ബാധിച്ച് വളരേ അവശനിലയിലായി.പരമ്പരാ‍ഗത ചികിത്സകൊണ്ടൊന്നും ആശ്വാസം ലഭിച്ചില്ല .1864-ല്‍ പ്രകൃതിചികിത്സകരുടെ ഒരു യോഗത്തില്‍ സംബന്ധിയ്ക്കാനിടയായി. അവരില്‍ ഒരാള്‍ നിര്‍ദ്ദേശിച്ച ചില ചികിത്സാവിധികള്‍ വേദനയില്‍ കുറവുവരുത്തിയതിനാല്‍ പ്രകൃതി ചികിത്സയുമായി കൂടുതല്‍ പരിചയപ്പെട്ടു.
പിന്നീട് കുറച്ചുവര്‍ഷം കൂനി സ്വന്തം നിലയ്ക്ക് പ്രകൃതി നിരീക്ഷണത്തിലും പ്രകൃതി നിയമങ്ങളുടെ പഠനത്തിലും വ്യാപൃതനായിരുന്നു. നിരവധി പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഒരു പുതിയ സിദ്ധാന്തത്തിലെത്തിച്ചേര്‍ന്നു.സ്വന്തം രോഗചികിത്സയില്‍ ഈ സിദ്ധാന്തം പരീക്ഷിച്ചു വിജയം കണ്ടെത്തി. ഈ പുതിയ സിദ്ധാന്തം പ്രചരിപ്പിയ്ക്കുവാനും പ്രാവര്‍ത്തികമാക്കുവാനുമായി 1883-ല്‍ ലീപ്‌സിക്കില്‍ തന്റെ പ്രകൃതിചികിത്സാ സ്ഥാപനം തുറന്നു.തുടക്കത്തില്‍ ഒട്ടേറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.( ഏതൊരു വേറിട്ട ചിന്താഗതിയ്ക്കും ഇത് സ്വാഭാവികമാണല്ലോ ) പക്ഷെ ,കാലക്രമേണ അംഗീകാരവും പ്രസിദ്ധിയും കൈവന്നു. 1907 -ല്‍ ലൂയികൂനി അന്തരിച്ചു. അക്കാലത്ത് കേരളത്തില്‍ ലൂയികൂനിയുടെ പ്രകൃതിചികിത്സ കൂനിചികിത്സ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് .


വിവര്‍ത്തകനെക്കുറിച്ച് :



അദ്ധ്യാപകന്‍ ,വാഗ്മി,വിവര്‍ത്തകന്‍ എന്നീനിലകളില്‍ പ്രശസ്തനാണ് ശ്രീ.ജോണ്‍ കൊഴുവനാല്‍. From Sex to Superconciousness (ഓഷോ രജനീഷ് ) Chirist Recrucified (കസാന്‍‌ദ് സാക്കീസ് ) Beyond Communism (എം.എന്‍.റോയ് ) എന്നീ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തീട്ടുണ്ട്. (ഈ ഗ്രന്ഥങ്ങളെല്ലാം തന്നെ വ്യത്യസ്തവിഷയങ്ങക്കെ പ്രതിനിധീകരിയ്ക്കുന്നവയാണല്ലോ .അതുതന്നെ വിവര്‍ത്തകന്റെ ബഹുമുഖ പാണ്ഡിത്യം വെളിപ്പെടുത്തുന്നു )


പുസ്തകത്തെക്കുറിച്ച് :



1.രോഗങ്ങള്‍ മാറുന്നതെങ്ങനെ ? ( ഒരു വേറിട്ട കാഴ്ചപ്പാട് )

2.രോഗങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ ? --പനിയെക്കുറിച്ചൊരു പുതിയ കാഴ്ചപ്പാട്

3.രോഗത്തിന്റെ കാര്യ- കാരണ ബന്ധം--ലൂയികൂനിയുടെ കാഴ്ചപ്പാടില്‍

4.ഭക്ഷണ-പാനീയങ്ങള്‍ ദഹിയ്ക്കുന്നതെങ്ങനെ ?

5.മാനസികരോഗ്ഗങ്ങളെകുറിച്ച് ?

6.ശ്വാസകോശരോഗങ്ങളെക്കുറിച്ച് ?

7.ലൈംഗിക രോഗങ്ങളെക്കുറിച്ച് ?

8.കണ്ണിന്റേയും ചെവിയുടെയും രോഗങ്ങള്‍

9.ലൂയികൂനിയുടെ മറ്റുഗ്രന്ഥങ്ങളാണ് (1) രോഗങ്ങളുടെ അന്യോന്യ ബന്ധം ( Unity of diseases )

(2) മുഖഭാവനിരീക്ഷണശാസ്ത്രം ( Science of Facial Expression ) എന്നിവ

10. ആദ്യകാലത്ത് എന്റെ സിദ്ധാന്തങ്ങളോട് ധാരണ പുലര്‍ത്തുന്നവരെ കണ്ടെത്തുക സങ്കല്പിയ്ക്കാവുന്നതിലേറെ ദുഷ്കരമായിരുന്നു.

12.എന്നാല്‍ വിജയത്തോടൊപ്പം അസൂയയും ദുരാഗ്രഹവും വിലപ്പെട്ടതെന്നു തെളിയിയ്ക്കപ്പെട്ടതിനെ കൈയ്യടക്കാനുള്ള ശ്രമവും നാം കാണാറുണ്ട് .

13.എല്ലാ രോഗങ്ങളുടെയും ,പേര് വ്യത്യസ്തമായാലും, ഉത്ഭവകാരണം ഒന്നുതന്നെയാണ് .

14.പുതിയതെന്തും ശത്രുതാ മനോഭാവത്തോടെ എതിര്‍ക്കപ്പെടുന്നുവെന്നത് എന്റെ ഈ പുതിയ സിദ്ധാന്തത്തിനും ബാധകമായിരുന്നു.

15.അവശരും ഗുരുതരമായ രോഗം ബാധിച്ചവരും നാഡീസംബന്ധമായ രോഗമുള്ളവരും ആവീസ്നാനം എടുക്കരുത് . സ്വാഭാവികമായി വിയര്‍ക്കുന്നവര്‍ക്ക് ആവീസ്നാനത്തിന്റെ ആവശ്യമേ ഉദിയ്ക്കുന്നില്ല.

16.അധികം പേരും വെള്ളവും പ്രകാശവും വേണ്ടത്ര അളവില്‍ ഉപയോഗിയ്ക്കുന്നില്ല.

17.ശരീരത്തിനുള്ളിലെ അമിതമായ ചൂടില്‍നിന്നാണ് രോഗോല്പത്തി

18.മലത്തിന് ദുര്‍ഗ്ഗന്ധം ഉണ്ടായാല്‍ ദഹനത്തിലെ ഫെര്‍മെന്റേഷന്‍ പ്രക്രിയ തകരാറിലാണെന്ന് അനുമാനിയ്ക്കാം.

19.മനുഷ്യനൊഴികെ വേറൊരു ജീവിയും ദാഹശമനത്തിന് വെള്ളമല്ലാതെ മറ്റൊരു പാനീയത്തേയും ആശ്രയിക്കുന്നില്ല.

20.രോഗിയായ ഒരാള്‍ ,പ്രത്യേകിച്ചും ദഹനക്കുറവുള്ള ആള്‍ ,ഏറ്റവും ലളിതമായ ഭക്ഷണമേ കഴിയ്ക്കാവൂ. അതും നന്നായി ചവച്ചരച്ചുമാത്രം

Sunday, May 06, 2007

പഠനത്തിനു തടസ്സമായ ‘ഇഷ്ടങ്ങളെ ത്യജിയ്ക്കണം' : പ്രൊ.പി.സി.തോമസ് ( മനോരമ വാര്‍ത്ത )



പഠനത്തിനു തടസ്സമായി നില്‍ക്കുന്നത് എത്ര പ്രിയപ്പെട്ട കാര്യമാണെങ്കിലും അത് ഉപേക്ഷിയ്ക്കുന്നതിലൂടെ മാത്രമേ വിജയം നേടാനാവൂ എന്ന് പ്രൊ.പി.സി.തോമസ് അഭിപ്രായപ്പെട്ടു.ഹീലിയം നിറച്ച ബലൂണ്‍ ‍ ഉയരങ്ങളിലെത്താന്‍ ഭാരം കുറയ്ക്കുന്നതിന് അതിനുള്ളിലുള്ള മണല്‍ ചാക്കുകള്‍ എടുത്തുകളയും . അതുപോലെ ഉയരങ്ങളിലെത്താന്‍ അനാവശ്യമായതെല്ലാം ത്യജിയ്ക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മലയാള മനോരമ ഹൊറൈസണ്‍ വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ ഭാഗമായി ‘ പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ ‘എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കഴിവുകള്‍ എല്ലാവരിലുമുണ്ട് . ചിലര്‍ അത് ഉപയോഗിയ്ക്കുന്നു. മറ്റു ചിലര്‍ ഉപയോഗിയ്ക്കുന്നില്ല .ബുദ്ധി,ഓര്‍മ്മ എന്നിവ ഉപയോഗിയ്ക്കുംതോറും വര്‍ദ്ധിയ്ക്കും. വിജയത്തിലെത്താന്‍ എന്ത് ,എങ്ങനെ ,എപ്പോള്‍ ചെയ്യണമെന്ന് ബോധ്യമുണ്ടായിരിയ്ക്കണം.ഇതു ചെയ്യാ‍നുള്ള പ്രചോദനം നേടുകയാണ് പ്രധാനം.

ആവര്‍ത്തിച്ചു മനസ്സിലാക്കലും അത് ഓര്‍മ്മിച്ചെടുത്ത് ആവര്‍ത്തിയ്ക്കലുമാണ് പഠനത്തിനു പിന്തുടരേണ്ട വഴി. പല വിദ്യാര്‍ത്ഥികളും പാഠങ്ങള്‍ പഠിച്ചശേഷം ഓര്‍മ്മിച്ചെടുക്കല്‍ നടത്തുന്നത് പരീക്ഷയെഴുതുമ്പോള്‍ മാത്രമാണ് . അപ്പോള്‍ പലതും മറന്നുപോകും. മുന്‍പ് ഓര്‍മ്മിച്ചെടുക്കല്‍ നടത്തിയിരുന്നെങ്കില്‍ പരീക്ഷാഹാളില്‍ മറവിയുടെ പ്രശ്നം വരിഅകയില്ലെന്നും അദ്ദേഹം പറഞ്ഞു.

Saturday, May 05, 2007

തോല്പിയ്ക്കേണ്ടത് സ്വന്തം ദുര്‍ഗുണങ്ങളെ : ശ്രീ മാതാ അമൃതാനന്ദമയീ ദേവി ( മനോരമ -വാര്‍ത്ത )



അധികാരവും അഹങ്കാരവും ഉപയോഗിച്ച് ഒരാളെ പരാജയപ്പേടുത്തുന്നതിനുമുമ്പ് സ്വന്തം ദുര്‍ഗുണങ്ങളെ പരാജയപ്പെടുത്തുകയാണ് വേണ്ടതെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.സ്വന്തം ദുര്‍ഗുണങ്ങളെ കീഴടക്കുന്നവര്‍ക്ക് സദ്‌ഗുണങ്ങള്‍കോണ്ട് മറ്റുള്ളവരെ പെട്ടെന്ന് കീഴടക്കാം.സ്നേഹത്തിലൂടെ മറ്റുള്ളവരെ നന്മയുടെ മാര്‍ഗ്ഗത്തിലേയ്ക്ക് കൊണ്ടുവരുന്നതാണ് ഏറ്റവും വലിയ വിജയം. സത്‌സംഗങ്ങളില്‍ പങ്കെടുക്കുന്നതും ആദ്ധ്യാല്‍മിക പുസ്തകങ്ങള്‍ വായിക്കുന്നതും മറ്റുള്ളവരെ ഉപദേശിയ്ക്കാന്‍ വേണ്ടിയാകരുത്. എത്രത്തോളം സ്വയം ഉള്‍ക്കൊള്ളുന്നു എന്നതു മാത്രമാണ് ആദ്ധ്യാത്മിക പുരോഗതിയെ നിയന്ത്രിയ്ക്കുന്നതെന്ന് അമൃതാനന്ദമയി പറഞ്ഞു.


ഭംഗിയുള്ള ധാരാളം വീടുകള്‍ ഉണ്ട് .പക്ഷെ,കുടുംബങ്ങള്‍ തകരുകയാണ്. ചന്ദ്രനെ എത്തിപ്പിടിയ്ക്കുന്ന നമുക്ക് അയല്‍ക്കാര്‍ അകലെയാണ് .ലോകത്തേയും ജനങ്ങളേയും നേരിടുക എളുപ്പമല്ല. നാം സ്വയം നിയന്ത്രിയ്ക്കാനാണ് ആദ്യം പഠിയ്ക്കേണ്ടത് . മനസ്സിന്റെ സമഭാവം എല്ലായ്പ്പോഴും നിലനിര്‍ത്തണം . പക്വത ഉണ്ടാകുന്നത് ഇതിലൂടെയാണ്. സാഹചര്യങ്ങളേയും വ്യക്തികളേയും ശരിയായി മനസ്സിലാക്കുമ്പോള്‍ നാം വികാരത്തിന് അടിമപ്പെടില്ല. അതോടെ മനസ്സില്‍ കാരുണ്യവും പ്രേമവും നിറയും .


ഗുരു വേണ്ട എന്നാണ് പലരും പറയുന്നത് . കമ്പ്യൂട്ടറോ ടി.വി യോ കേടായാല്‍ ,നന്നാക്കുന്നത് അത് പഠിച്ചവരാണ് .മനസ്സിന്റെ ഇത്തരം അറ്റകുറ്റപ്പണികള്‍ക്ക് ഗുരു വേണം. പ്രയത്നം കൊണ്ട് മാത്രം ഫലം ലഭിയ്ക്കില്ല.ഗുരുചിന്ത നമ്മെ സ്വാധീനിയ്ക്കുകയും പ്രചോദനമാകുകയും ചെയ്യും .ഗുരുവിന്റെ ഗുണങ്ങളിലേയ്ക്ക് അറിയാതെ അടുക്കുകയാണ് ശിഷ്യന്‍ ചെയ്യുന്നതെന്ന് അമ്മ പറഞ്ഞു.

തൃശൂരിലെ അയ്യന്തോള്‍ ബ്രഹ്മസ്ഥാന ക്ഷേത്രത്തിലെ അമൃതോത്സവത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.

ഇതിനോടനുബന്ധിച്ച് വനിതാ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലായ അമൃതനിലയം ഉദ്ഘാടനം ചെയ്തുകൊണ്ട് ,മേയര്‍ ആര്‍.ബിന്ദു ,ദരിദ്രരുടെ വിമോചനത്തിന് മാതാ അമൃതാനന്ദ മയിക്ക് കഴിയുമെന്ന് പറഞ്ഞു. മഹത്തായ മസ്തിഷ്കങ്ങളാണ് മഠത്തോടൊപ്പമുള്ളത് . ദരിദ്രമായ ഈ രാഷ്ട്രത്തിലെ ദരിദ്രരുടെ വിമോചനത്തിന് മഠത്തിനു കഴിയുമെന്ന പ്രതീക്ഷയാണ് ഇത്രയധികം പേരെ ഒരുമിപ്പിച്ചുനിറുത്തുന്നത് .കൂട്ടായ്മയുടെ കരുത്തുകൊണ്ടാണ് വിദ്യാഭ്യാസ - ആരോഗ്യ മേഖലകളില്‍ സാധാരണക്കാര്‍ക്കുവേണ്ടി ഇത്രയതികം സംഭാവനകള്‍ നല്‍കാന്‍ അമൃതാനന്ദമയീ മഠത്തിനായത്. കാരുണ്യത്തുന്റെ മഹാപ്രവാഹം സൃഷ്ഠിയ്ക്കാന്‍ മഠത്തിനു കഴിയട്ടേയെന്ന് അവര്‍ ആശംസിച്ചു.

‘അമൃതരാഗം‘ എന്ന സുവനീര്‍ ശോഭാ‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ പ്രകാശനം ചെയ്തു.

Friday, May 04, 2007

നാം മുന്നോട്ട് (പുസ്തകപരിചയം)



ഗ്രന്ഥകര്‍ത്താവിന്റെ പേര്: കെ.പി.കേശവമേനോന്‍

പ്രസാധകര്‍:
മാതൃഭൂമി പ്രിന്റിംഗ് ഏന്‍‌ഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്,
കോഴിക്കോട്-673 001



പ്രതിപാദ്യവിഷയത്തെക്കുറിച്ച് :



മാതൃഭൂമിയുടെ പത്രാധിപരായിരുന്നു ശ്രീ.കെ.പി.കേശവമേനോന്‍.എഴുപതുകളില്‍ തിങ്കളാഴ്ചതോറും ‘നാം മുന്നോട്ട്‘ എന്ന ശീര്‍ഷകത്തില്‍ എഴുതാറുള്ള ശീര്‍ഷകങ്ങളുടെ സമാഹാരം.അക്കാലത്ത് ഈ പംക്തി ഏറെ ജനപ്രീതി നേടിയിരുന്നു. ധാര്‍മ്മികമൂല്യങ്ങള്‍,വിദ്യാഭ്യാസം,കുടുംബജീവിതം,തൊഴില്‍,ആദ്ധ്യാത്മികകാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ എന്താ‍ണ് ആഗ്രഹിയ്ക്കേണ്ടത് ,എന്താണാകേണ്ടത് എന്ന് ഹൃദയസ്‌പൃക്കായ ഒട്ടേറെ അനുഭവങ്ങളില്‍ക്കൂടുയും ഉദാഹരണങ്ങളില്‍ക്കൂടിയും വിവരിയ്ക്കുന്നു. ജീവിതവിജയം നേടാന്‍ സഹായിക്കുന്ന ഒരു പുസ്തകമാണിത് .




ചില ആകര്‍ഷകമായ തല വാചകങ്ങള്‍



1.മനസ്സുനന്നായാലെ നടപ്പുനന്നാ‍വൂ

2.മുന്നോട്ടുപോകാന്‍ തന്നത്താന്‍ ഒരുങ്ങുക

3.നല്ലൊരു പുഞ്ചിരി എന്തൊരു അനുഗ്രഹം

4.മറ്റുള്ളവര്‍ നിങ്ങളെ ഇഷ്ടപ്പെടണമെങ്കില്‍

5.ഭയമുള്ളവനു സുഖമില്ല.
6.സംഭാഷണം ഒരു കലയാണ്