jv

Saturday, May 05, 2007

തോല്പിയ്ക്കേണ്ടത് സ്വന്തം ദുര്‍ഗുണങ്ങളെ : ശ്രീ മാതാ അമൃതാനന്ദമയീ ദേവി ( മനോരമ -വാര്‍ത്ത )



അധികാരവും അഹങ്കാരവും ഉപയോഗിച്ച് ഒരാളെ പരാജയപ്പേടുത്തുന്നതിനുമുമ്പ് സ്വന്തം ദുര്‍ഗുണങ്ങളെ പരാജയപ്പെടുത്തുകയാണ് വേണ്ടതെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.സ്വന്തം ദുര്‍ഗുണങ്ങളെ കീഴടക്കുന്നവര്‍ക്ക് സദ്‌ഗുണങ്ങള്‍കോണ്ട് മറ്റുള്ളവരെ പെട്ടെന്ന് കീഴടക്കാം.സ്നേഹത്തിലൂടെ മറ്റുള്ളവരെ നന്മയുടെ മാര്‍ഗ്ഗത്തിലേയ്ക്ക് കൊണ്ടുവരുന്നതാണ് ഏറ്റവും വലിയ വിജയം. സത്‌സംഗങ്ങളില്‍ പങ്കെടുക്കുന്നതും ആദ്ധ്യാല്‍മിക പുസ്തകങ്ങള്‍ വായിക്കുന്നതും മറ്റുള്ളവരെ ഉപദേശിയ്ക്കാന്‍ വേണ്ടിയാകരുത്. എത്രത്തോളം സ്വയം ഉള്‍ക്കൊള്ളുന്നു എന്നതു മാത്രമാണ് ആദ്ധ്യാത്മിക പുരോഗതിയെ നിയന്ത്രിയ്ക്കുന്നതെന്ന് അമൃതാനന്ദമയി പറഞ്ഞു.


ഭംഗിയുള്ള ധാരാളം വീടുകള്‍ ഉണ്ട് .പക്ഷെ,കുടുംബങ്ങള്‍ തകരുകയാണ്. ചന്ദ്രനെ എത്തിപ്പിടിയ്ക്കുന്ന നമുക്ക് അയല്‍ക്കാര്‍ അകലെയാണ് .ലോകത്തേയും ജനങ്ങളേയും നേരിടുക എളുപ്പമല്ല. നാം സ്വയം നിയന്ത്രിയ്ക്കാനാണ് ആദ്യം പഠിയ്ക്കേണ്ടത് . മനസ്സിന്റെ സമഭാവം എല്ലായ്പ്പോഴും നിലനിര്‍ത്തണം . പക്വത ഉണ്ടാകുന്നത് ഇതിലൂടെയാണ്. സാഹചര്യങ്ങളേയും വ്യക്തികളേയും ശരിയായി മനസ്സിലാക്കുമ്പോള്‍ നാം വികാരത്തിന് അടിമപ്പെടില്ല. അതോടെ മനസ്സില്‍ കാരുണ്യവും പ്രേമവും നിറയും .


ഗുരു വേണ്ട എന്നാണ് പലരും പറയുന്നത് . കമ്പ്യൂട്ടറോ ടി.വി യോ കേടായാല്‍ ,നന്നാക്കുന്നത് അത് പഠിച്ചവരാണ് .മനസ്സിന്റെ ഇത്തരം അറ്റകുറ്റപ്പണികള്‍ക്ക് ഗുരു വേണം. പ്രയത്നം കൊണ്ട് മാത്രം ഫലം ലഭിയ്ക്കില്ല.ഗുരുചിന്ത നമ്മെ സ്വാധീനിയ്ക്കുകയും പ്രചോദനമാകുകയും ചെയ്യും .ഗുരുവിന്റെ ഗുണങ്ങളിലേയ്ക്ക് അറിയാതെ അടുക്കുകയാണ് ശിഷ്യന്‍ ചെയ്യുന്നതെന്ന് അമ്മ പറഞ്ഞു.

തൃശൂരിലെ അയ്യന്തോള്‍ ബ്രഹ്മസ്ഥാന ക്ഷേത്രത്തിലെ അമൃതോത്സവത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.

ഇതിനോടനുബന്ധിച്ച് വനിതാ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലായ അമൃതനിലയം ഉദ്ഘാടനം ചെയ്തുകൊണ്ട് ,മേയര്‍ ആര്‍.ബിന്ദു ,ദരിദ്രരുടെ വിമോചനത്തിന് മാതാ അമൃതാനന്ദ മയിക്ക് കഴിയുമെന്ന് പറഞ്ഞു. മഹത്തായ മസ്തിഷ്കങ്ങളാണ് മഠത്തോടൊപ്പമുള്ളത് . ദരിദ്രമായ ഈ രാഷ്ട്രത്തിലെ ദരിദ്രരുടെ വിമോചനത്തിന് മഠത്തിനു കഴിയുമെന്ന പ്രതീക്ഷയാണ് ഇത്രയധികം പേരെ ഒരുമിപ്പിച്ചുനിറുത്തുന്നത് .കൂട്ടായ്മയുടെ കരുത്തുകൊണ്ടാണ് വിദ്യാഭ്യാസ - ആരോഗ്യ മേഖലകളില്‍ സാധാരണക്കാര്‍ക്കുവേണ്ടി ഇത്രയതികം സംഭാവനകള്‍ നല്‍കാന്‍ അമൃതാനന്ദമയീ മഠത്തിനായത്. കാരുണ്യത്തുന്റെ മഹാപ്രവാഹം സൃഷ്ഠിയ്ക്കാന്‍ മഠത്തിനു കഴിയട്ടേയെന്ന് അവര്‍ ആശംസിച്ചു.

‘അമൃതരാഗം‘ എന്ന സുവനീര്‍ ശോഭാ‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ പ്രകാശനം ചെയ്തു.

No comments: