jv

Wednesday, May 30, 2007

നഗരത്തില്‍ ജീവിക്കുന്നവര്‍ക്കുണ്ടാകുന്ന വൈകൃതങ്ങളെക്കുറിച്ചൊരു മുന്നറിയിപ്പ് !‍!! (പുസ്തകപരിചയം)



പ്രകൃതിജീവന തല്പരരായ വായനക്കാര്‍ക്ക് പ്രസ്തുത വിഷയത്തില്‍ ഒട്ടേറെ പുത്തന്‍ അറിവുകള്‍ സമ്മാനിയ്ക്കുന്ന ഗ്രന്ഥമാണ് THE HUMAN ZOO. പ്രസിദ്ധ ജന്തുശാസത്രജ്ഞനായ ഡസ്‌മണ്ട് മോറിസ് (Desmond Moris ) ആണ് ഈ ഗ്രന്ഥം രചിച്ചീട്ടുള്ളത് . അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ധഗ്രന്ഥമായ THE NAKED APE ഏകദേശം പത്തുമില്യണ്‍ കോപ്പികള്‍ക്കപ്പുറം വിറ്റുകഴിഞ്ഞീട്ടുണ്ട് . മാത്രമല്ല ,ഒട്ടേറെ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തീട്ടുമുണ്ട്. മനുഷ്യന്റേയും മൃഗങ്ങളുടേയും സ്വഭാവത്തെക്കുറിച്ചുള്ള മോറിസിന്റെ ടേലിവിഷന്‍ പ്രോഗ്രാമുകള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


നഗരത്തെ ഒരു മനുഷ്യ മൃഗശാല (HUMAN ZOO.) ആയിട്ടാണ് ഗ്രന്ഥകാരന്‍ വിഭാവനം ചെയ്യുന്നത്. പ്രസ്തുത നഗരമാകട്ടെ ,മനുഷ്യമസ്തിഷ്കത്തിലുദിച്ച ആശയങ്ങളുടെ പ്രവര്‍ത്തനഫലമായി നിര്‍മ്മിതമായിട്ടുള്ളതാണുതാനും! അതിനാല്‍തന്നെ നഗരം പ്രകൃതിയിനിന്ന് ഒട്ടേറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നു. അതുകൊണ്ടൂതന്നെ ഈ കൃത്രിമത്വത്തില്‍ അധിഷ്ഠിതമായ ആവാസവ്യവസ്ഥയില്‍ ജീവിയ്ക്കുന്ന മനുഷ്യന്റെ സ്വഭാവങ്ങളിലും വ്യത്യാസങ്ങള്‍ പ്രകടമാകുന്നു. പ്രകൃതിയില്‍ അല്ലെങ്കില്‍ വനത്തില്‍ ജീവിയ്ക്കുന്ന വന്യമൃഗങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ , അവ വളരേ അധികരിച്ച തോതില്‍ പെറ്റുപെരുകുന്നില്ല. മാത്രമല്ല, വേറെയും സ്വഭാവ വിശേഷങ്ങള്‍ പ്രകടിപ്പിയ്ക്കുന്നില്ല. അതായത് അവ സ്വയംഭോഗം ചെയ്യുന്നില്ല, അവ സഹോദരങ്ങളെ ആക്രമിയ്ക്കുന്നില്ല, അവയുടെ വയറ്റില്‍ അള്‍സര്‍ ഉണ്ടാകുന്നില്ല, അവയ്ക്ക് അമിത വണ്ണം ഉണ്ടാകുന്നില്ല, ഇതിനൊക്കെ അതീതമായി അവ ആത്മഹത്യ ചെയ്യുന്നില്ല. പക്ഷെ, ഇവയുടെയൊക്കെ അതിപ്രസരം കാണുന്നത് നഗരത്തില്‍ ജീവിയ്ക്കുന്ന മനുഷ്യരിലാണ് . ഇത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണോ ? ഒറ്റ നോട്ടത്തില്‍ അങ്ങനെയാണെന്ന് തോന്നാം. പക്ഷെ, സത്യം അതല്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ മൃഗങ്ങളും മുന്‍പു പ്രസ്താവിച്ചപോലെ പെരുമാറും !! മൃഗങ്ങളെ , ചില പ്രത്യേക സാഹചര്യങ്ങളില്‍ തടങ്കലിലിട്ടാല്‍ അവയും അസാധാരണ സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിയ്ക്കുന്നു. ഇത്തരത്തില്‍ ചിന്തിച്ചാല്‍ , നഗരത്തിനെ മനുഷ്യമൃഗശാലയായി കണക്കാക്കിയതില്‍ തെറ്റില്ല. ഇവിടെ താരതമ്യപ്പെടൂത്തിയത് നഗരമനുഷ്യനേയും വന്യമൃഗത്തേയും തമ്മിലല്ല. മറിച്ച് നഗരമനുഷ്യനേയും തടങ്കിലാക്കപ്പെട്ട മൃഗത്തിനേയും തമ്മിലാണ് . ആധുനിക മനുഷ്യന്‍ അവന്റെ വര്‍ഗ്ഗത്തിന് അനുയോജ്യമായ (പ്രകൃതിദത്തമാ‍യ) സാഹചര്യത്തിലല്ല ജീവിയ്ക്കുന്നത്. മറിച്ച് , അവന്റെ തന്നെ ബുദ്ധിസമ്മാനിച്ച തടങ്കലിലകപ്പെട്ട് ജീവിയ്ക്കുന്നു.


ഇത്തരത്തിലുള്ള ദൂഷ്യഫലങ്ങളൊക്കെയുണ്ടെങ്കിലും , മൃഗശാലയില്‍ ജീവിയ്ക്കുന്ന വന്യമൃഗത്തിന് ധാരാളം ഗുണഫലങ്ങള്‍ (?) ലഭിയ്ക്കുന്നുണ്ട് ! വെള്ളം, ഭക്ഷണം,താമസം,സുരക്ഷ,വൃത്തി,വൈദ്യസഹായം തുടങ്ങിയവയൊക്കെ ഇവയ്ക്കുലഭിയ്ക്കുന്നു. അതിനാല്‍ മൃഗശാലയിലകപ്പെട്ട വന്യ മൃഗത്തിന് ധാരാളം ഒഴിവുസമയം ലഭിയ്ക്കുന്നു. ചില മൃഗങ്ങള്‍. ഒരു നിവൃത്തിയുമില്ലാതെ , വിശ്രമിയ്ക്കുകയോ ഉറങ്ങുകയോ ചെയ്യുന്നു. ചില മൃഗങ്ങളില്‍ ഇത്രമാത്രം , ‘ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ’ പല പ്രശ്നങ്ങളും സൃഷ്ടിയ്ക്കുന്നു.



നഗരത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതെന്തുകൊണ്ട് ?


നഗരത്തില്‍ പല ജീവിതശൈലിയും അവശ്യമായിട്ടുള്ളതല്ല; മറിച്ച് അനാവശ്യവും ഉപദ്രവകരവുമാണ് .വീട്ടിലിരുന്നോ അല്ലെങ്കില്‍ സൌഹൃദ സന്ദര്‍ശന വേളകളിലോ ഭക്ഷണ-പാനീയങ്ങള്‍ കഴിയ്ക്കുകയാണെങ്കില്‍ , നാം വിശപ്പുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് ഉറപ്പിച്ചുപറയുവാന്‍ പറ്റുകയില്ലല്ലോ. അതുപോലെത്തന്നെ , പലരും നേരം പോകാന്‍ വേണ്ടി കടലയും മറ്റും കൊറിയ്ക്കുന്നത് സാധാരണയാണല്ലോ.(ഇതും വിശപ്പുകൊണ്ടല്ല തന്നെ) . ഈ അനാവശ്യ രസനേന്ദ്രിയ പ്രയോഗത്തെ അത്യാവശ്യമാക്കിമാറ്റുകയാണ് മിഠായിക്കമ്പനികളും ഐസ് ക്രീം പാര്‍ലറുകളും ചെയ്യുന്നത്.


ഇന്ദ്രിയങ്ങളുടെ അനാവശ്യ ഉപയോഗം ആഹാരാദികളുടെ കാര്യത്തില്‍ മാത്രമല്ല ലൈംഗികതയുടെ കാര്യത്തിലും നഗരത്തില്‍ നടക്കുന്നു. ഇത്തരത്തില്‍ ,ലൈംഗികതയുടെ അനാവശ്യപ്രവണതകള്‍ സമൂഹത്തില്‍ ഒട്ടേറെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. ലൈംഗികവികാരത്തിന്റെ പ്രധാനകര്‍ത്തവ്യം “ സ്വന്തം ജീവിവര്‍ഗ്ഗത്തെ ജനിപ്പിയ്ക്കുക” എന്നുള്ളതാണല്ലോ. പക്ഷെ, നഗരത്തില്‍ ജനസാന്ദ്രത കൂടുതലാണ്. അതുകൊണ്ടൂതന്നെ ,നഗരമെന്ന മനുഷ്യമൃഗശാലയില്‍ ‘ജനനത്തെ’ ആസ്പദമാക്കിയുള്ള ലൈംഗികത ചുരുക്കപ്പെടേണ്ടതാണ്. അല്ലെങ്കില്‍ അത് പല പ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കും.പൂരിതാവസ്ഥയിലെത്തിയ ഈ ജനസാന്ദ്രത കലാപത്തിനും യുദ്ധത്തിനും സാംക്രമിക രോഗത്തിനും വഴിവെയ്ക്കാറുണ്ട്. ഇത്തരത്തില്‍ വഴിവെയ്ക്കുന്നത് പ്രകൃതിയുടെ സന്തുലിത ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണേന്നേ പറയാനൊക്കൂ. ജനനത്തെ ആസ്പദമാക്കിയുള്ള ലൈംഗികത അമര്‍ത്തപ്പെടുമ്പോള്‍ അത് പല വിധത്തിലുള്ള ലൈംഗികശീലങ്ങള്‍ക്കും വഴിവെച്ചേക്കും; പ്രത്യേകിച്ച് ലൈംഗിക വൈകൃതങ്ങള്‍ക്ക് !!! അങ്ങനെ നേരം കളയാനും വിനോദത്തിനുമൊക്കെ വാണിജ്യശക്തികള്‍ ലൈംഗികതയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.




വാര്‍ദ്ധക്യത്തില്‍ ‘സ്വസ്ഥത‘ നല്ലതാണോ ?


റിട്ടയര്‍ ചെയ്യാറാവുമ്പോള്‍ , ഇനിയങ്ങോട്ട് പ്രശ്നങ്ങളും ടെന്‍ഷനുമൊന്നുമില്ലാത്ത വാര്‍ദ്ധക്യകാലം ആസ്വദിച്ച് സുഖമായി കഴിയാം എന്നുചിലര്‍ ചിന്തിയ്ക്കാറുണ്ട്. ഇനി, മുന്‍പറഞ്ഞതുപോലെ വാര്‍ദ്ധക്യം ആസ്വദിച്ച് ഒരു വ്യക്തി കഴിയുകയാണെങ്കില്‍ അയാളുടെ ആയുസ്സിന് അത്രയേറേ ദൈര്‍ഘ്യം ഉണ്ടാകില്ലെന്നാണ് കരുതപ്പെടേണ്ടത് . ഇതിനു കാരണമായി , ‘ ഡെസ്‌മണ്ട് മോറിസ് ‘ നല്‍കുന്ന വിശദീകരണം ‘സ്റ്റിമുലസ് സ്ട്രഗിള്‍’ (Stimulus Struggle) എന്ന സിദ്ധാന്തത്തിലൂടെയാണ്.

അതായത് ജീവിതത്തില്‍ നാം പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. ഈ പ്രശ്നങ്ങളെ തെറ്റായി കൈകാര്യം ചെയ്താല്‍ നാം അപകടത്തില്‍ ചെന്നുപെടുന്നു. ഒരു വ്യക്തി ജീവിയ്ക്കുന്ന പരിസ്ഥിതികളില്‍നിന്നുള്ള വെല്ലുവിളികളെ വിജയകരമായി നേരിടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതുവഴിയാണ് പ്രസ്തുത വ്യക്തി ഔന്നത്യത്തിലെത്തിച്ചേരുന്നത് . അതുകൊണ്ട് പ്രശ്നങ്ങളെ നാം ഒഴിവാക്കുകയല്ല വേണ്ടത് ; മറിച്ച് സ്വീകരിയ്ക്കുകയാണ്. എന്നുവെച്ച് പരിസ്ഥിതികളില്‍നിന്നുള്ള എല്ലാതരം വെല്ലുവിളികളേയും സ്വീകരിയ്ക്കുന്നത് നല്ലതാണെന്നുകരുതരുത് . അങ്ങനെ ചെയ്താല്‍ നാം വെല്ലുവിളികളുമായുള്ള യുദ്ധത്തില്‍ തകര്‍ന്നുപോകും. എന്നാല്‍, വളരേ കുറച്ചുമാത്രം സ്വീകരിച്ചാലും പോരതന്നെ. ഈ രണ്ട് അതിര്‍വരമ്പുകള്‍ക്കിടയിലായിരിയ്ക്കണം നാം സ്വീകരിയ്ക്കേണ്ട വെല്ലുവിളികളുടെ അളവ് . ഉദാഹരണത്തിനായി , റേഡിയോവില്‍നിന്നുവരുന്ന ശബ്ദത്തിന്റെ അളവ് ക്രമീകരിയ്ക്കുന്നതുമായി നമുക്ക് താരതമ്യപ്പെടുത്താം. വല്ലാതെ ശബ്ദം കൂട്ടിയാല്‍ നമുക്ക് അസ്വസ്ഥതയും ചെവിവേദനയും അനുഭവപ്പെടുന്നു. എന്നാല്‍ തീരെ ശബ്ദം കുറച്ചാലോ കേള്‍ക്കാന്‍ സാധിയ്ക്കുകയുമില്ല. എന്നാലോ, സുഖകരമായ ശ്രവണം സാദ്ധ്യമാകുന്ന രീതിയില്‍ ശബ്ദം ക്രമീകരിയ്ക്കേണ്ടതുണ്ട്. ഇതുപോലെത്തന്നെയാണ് ‘വെല്ലുവിളി സ്വീകരണത്തിന്റേയും സ്ഥിതി’ !!


ലളിതവും രസകരവുമായ വിവരണങ്ങളിലൂടെ പലശാസ്ത്രസത്യങ്ങളും ‘ ഡെസ്‌മണ്ട് മോറിസ് ‘ ഈ ഗ്രന്ഥത്തിലൂടേ വ്യക്തമാക്കുന്നു. ഇതില്‍ പലതും അദ്ദേഹത്തിന്റെ തന്നെ ദീര്‍ഘകാല നിരീക്ഷണത്തിലൂടെ കണ്ടെത്തിയതാണെന്ന വസ്തുത ഇവിടെ സ്മരിയ്ക്കേണ്ടതുണ്ട് .


1 comment:

FX said...

മൊറിസ് എ ഴു തി യ മറ്റു പുസ്ത കവും വായിക്കാവുന്ന്തു തന്നെ....മാന്‍ വാചിങ് ഉദാ...