Showing posts with label പുസ്തകാസ്വാദനം. Show all posts
Showing posts with label പുസ്തകാസ്വാദനം. Show all posts
Thursday, May 31, 2007
പ്രകൃതിജീവനത്തിലൂടെ മെലിച്ചില്‍ തടയാം ( പുസ്തകാസ്വാദനം )
സമകാലിക സമൂഹത്തിലെ പലരുടേയും പ്രശ്നം എങ്ങനെ വണ്ണം കുറയ്ക്കാം എന്നതാണ് . ഇതിനുവേണ്ടി നമ്മുടെ നാട്ടില്‍ പല ഹെല്‍ത്ത് ക്ലബ്ബുകളും പല പദ്ധതികളും ആസൂത്രണം ചെയ്തീട്ടുണ്ട് . അമിതവണ്ണത്തെക്കുറിച്ച് (Obesity ) ധാരാളം ലേഖനങ്ങള്‍ എഴുതപ്പെട്ടീട്ടുണ്ട് .എന്നാല്‍ , മെലിഞ്ഞവരുടെ നൊമ്പരങ്ങള്‍ എങ്ങനെയോ അവഗണിയ്ക്കപ്പെടുന്നു. ഇത് മുതലെടുക്കാനായിട്ടായിരിയ്ക്കാം പത്രമാസികകളിലും ടി വി യിലുമൊക്കെ മെലിച്ചില്‍ തടയാനുള്ള നിവാരിണികളുടെ പരസ്യങ്ങള്‍ സ്ഥലം പിടിച്ചീട്ടുള്ളത് . ഇത്, ഒന്നല്ല, ഏറെത്തന്നെയുണ്ട് . ഇതില്‍നിന്നും വ്യക്തമാകുന്നത് ഇതൊരു ന്യൂനപക്ഷ പ്രശ്നമല്ല എന്നുള്ളതാണ്.
പ്രശസ്ത പ്രകൃതി ചികിത്സകനായ ഡോ അലന്‍മോയില്‍ (Dr. Alan Moyle N.D, M.B.N.O.A.) എഴുതിയ The Natural Way To Gain Weight എന്ന പുസ്തകം മെലിഞ്ഞവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിയ്ക്കുന്നു. ഈ പുസ്തകത്തിന്റെ പ്രസാധകര്‍ THORSONS PUBLISHERS LIMITED ,WELLINGBOROUGH,NORTHAMTONSHIRE ആണ്.
മെലിച്ചിലിന്റെ കാരണങ്ങള്‍
പലരും വിലപിയ്ക്കുന്നത് കേള്‍ക്കാറുണ്ട് ,” ഞാന്‍ നല്ലവണ്ണം ഭക്ഷണം കഴിയ്ക്കാറുണ്ട്. എന്നീട്ടും വണ്ണംവെയ്ക്കുന്നില്ല, “ അല്ലെങ്കില്‍ “ എന്തൊക്കെ കഴിച്ചീട്ടും ഞാന്‍ തടിവെയ്ക്കുന്നില്ല“ എന്നൊക്കെ.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നത് ?
ഇതിനുത്തരം കണ്ടെത്തണമെങ്കില്‍ മെലിച്ചിലിനുകാരണമായ ഘടകങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.
പലപ്പോഴും മെലിഞ്ഞ വ്യക്തി മറ്റുള്ളവരേക്കാള്‍ ഊര്‍ജ്ജസ്വലരായി കാണാറുണ്ട്. ഈ അമിത ഊര്‍ജ്ജസ്വലതതന്നെ മെലിച്ചിലിന് വഴിവെയ്ക്കുന്ന ഒന്നാണ്.അതായത് ഊര്‍ജ്ജസ്വലനായ മെലിഞ്ഞവ്യക്തി അമിതഭക്ഷണം കഴിച്ചാലും വണ്ണം വെയ്ക്കുന്നില്ല.എന്തുകൊണ്ടെന്നാല്‍ , അമിതഭക്ഷണംവഴി നേടുന്ന കൊഴുപ്പ് ശാരീരിക ചലനങ്ങള്‍ നിമിത്തം (ഊര്‍ജ്ജസ്വലത മൂലം ) ഇല്ലാതായിത്തീരുന്നു.
ശാരീരിക അസുഖങ്ങള്‍ , പോഷകാഹാരക്കുറവ് ,എന്നിവയും മെലിച്ചില്‍ ഉണ്ടാക്കുന്നവയാണ്. ചില ശാരീരിക അസുഖങ്ങള്‍ നികിത്തം രുചിയില്ലായ്മ അനുഭവപ്പെടുന്നു. ഇത് ആഹാരം കഴിയ്ക്കുന്നതില്‍ കുറവ് വരുത്തുന്നു.
ചിലര്‍ ഭക്ഷണം കഴിയ്ക്കുന്നതിന് വളരേ കുറച്ച് സമയം മാത്രമേ ചിലവഴിയ്ക്കുകയുള്ളൂ. ഇത് അപൂര്‍ണ്ണമായ ദഹനത്തിന് വഴിവെയ്ക്കുന്നു.വേറെ ചിലര്‍ക്കാകട്ടെ , ചില ഭക്ഷ്യവസ്തുക്കളോട് അമിതമായ വേറുപ്പായിരിയ്ക്കും. അതിനാല്‍ അവര്‍ മിയ്ക്കപ്പോഴും അവയെ ഒഴിവാക്കുന്നു. ഇവയും മെലിച്ചിലിന് കാരണമാകാം.
ഭക്ഷ്യവസ്തുക്കളുടെ കുറഞ്ഞ ഓക്സീകരണനിരക്കിന്റെ ഫലമായി ഉപാപചയ പ്രവര്‍ത്തനനിരക്ക് (Metabolic Rate ) കുറയുന്നു. തല്‍ഫലമായി ക്ഷീണം ,നിരാശ,വിശപ്പില്ലായ്മ .. .....എന്നിവ അനുഭവപ്പെടാം. വിശപ്പില്ലായ്മ ഭക്ഷണം കഴിയ്ക്കുന്നതില്‍ കുറവ് വരുത്തുമല്ലോ.
പ്രമേഹം , ക്ഷയം,ഹൈപ്പര്‍ തൈറോയ്‌ഡിസം , മാനസിക ടെന്‍ഷന്‍ എന്നിവ നിമിത്തവും ശരീരം മെലിയാം. കുട്ടികളുടെ മെലിച്ചിലിന് അമിത വികാരാധീനത(Over exitement ) , നിരാശ, തെറ്റായ ദിനചര്യ, മോശമായ ഭക്ഷണം എന്നിവയൊക്കെ വഴിയൊരുക്കുന്നു.
ഭക്ഷണത്തിനു പകരം ചായ, സിഗരറ്റ് എന്നിവ ചിലര്‍ ഉപയോഗിയ്ക്കാറുണ്ട് . ഔഷധങ്ങള്‍, ഉത്തേജന വസ്തുക്കള്‍ എന്നിവ ചിലര്‍ നിത്യവും ഉപയോഗിയ്ക്കുന്നു. ഇത്തരമൊരു ജീവിതശൈലി ശരീരം മെലിയുന്നതിന് ഇടവരുത്തുന്നു.
മെലിച്ചിലിന്റെ മറ്റൊരു പ്രധാന കാരണം ദഹനേന്ദ്രിയങ്ങളുടെ തകരാറാണ്. ഇതുമൂലം കഴിച്ച ഭക്ഷണത്തില്‍നിന്നും പോഷകങ്ങളെ ശരീരത്തിന് ശരിയായ അളവില്‍ ആഗിരണം ചെയ്യാന്‍ കഴിയാതെ വരുന്നു. അതായത് ,പല മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്കും വളരേ കുറച്ച് ഭക്ഷണത്തെ മാത്രമേ ദഹിപ്പിയ്ക്കുന്നതിന് കഴിയുകയുള്ളൂ. പക്ഷെ, അവര്‍ വണ്ണം വെയ്ക്കാനുള്ള അത്യാഗ്രഹം നിമിത്തം കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ ദഹനക്കേടും തുടര്‍ന്ന് മറ്റ് അനുബന്ധ അസുഖങ്ങളും ഉണ്ടാകുന്നു. ഇത് പ്രസ്തുത വ്യക്തിയെ കൂടുതല്‍ മെലിയുന്നതിലേയ്ക്ക് നയിക്കുന്നു.
ദഹിയ്ക്കാത്ത ഭക്ഷണം കുടലില്‍ എത്തുമ്പോള്‍ അത് അവിടെ അസ്വസ്ഥത സൃഷ്ടിയ്ക്കുന്നു. ഉദരരോഗമുള്ളവര്‍ക്ക് മാനസിക ടേന്‍ഷന്‍ അനുബന്ധമായി കണ്ടുവരാറുണ്ടല്ലോ. അതുകൊണ്ട് മെലിഞ്ഞ ആളുകള്‍ കൂടുതലായി മാനസികടെന്‍ഷന് വിധേയരാകുന്നു.
ചീത്ത ഭക്ഷണം കഴിയ്ക്കല്‍ ,തെറ്റായ ഭക്ഷണരീതികള്‍ അവലംബിയ്ക്കല്‍ എന്നിവ നിമിത്തവും ശരീരം മെലിയാറുണ്ട് . അതായത് ഭക്ഷണം വേണ്ടവിധത്തില്‍ ചവച്ചരച്ചില്ലെങ്കില്‍ ദഹനക്കേട് സംഭവിയ്ക്കാം. ഭക്ഷണം‘ ചവച്ചരയ്ക്കല്‍ ‘എന്ന പ്രക്രിയയില്‍ ‘പല്ലുകള്‍‘ മുഖ്യസ്ഥാനം വഹിയ്ക്കുന്നു. വിടവുള്ള പല്ലുകള്‍ ,വരിതെറ്റിയ പല്ലുകള്‍ എന്നിവകൊണ്ട് ശരിയായി ചവച്ചരയ്ക്കാന്‍ കഴിയുകയില്ല.
വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ അപൂര്‍ണ്ണമായ ദഹനത്തിന് ഇടയാക്കുന്നു. പലമെലിഞ്ഞ വ്യക്തികളും ഇത്തരം ഭക്ഷ്യവസ്തുക്കളോട് ആസക്തിയുള്ളവരാണ് . അതുകൊണ്ട് അവര്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ ധാരാളം കഴിയ്ക്കുന്നു. ചിലപ്പോള്‍ വണ്ണംവെയ്ക്കാനുള്ള ആഗ്രഹം നിമിത്തമാകാം ഇങ്ങനെ ചെയ്യുന്നത് . പക്ഷെ, സംഭവിയ്ക്കുന്നതോ ; കൊഴുപ്പ് തീരെ ദഹനത്തിന് വിധേയമാകാതിരിയ്ക്കുകയും അസിഡിറ്റി ഉണ്ടാകുകയും ചെയ്യുന്നു.
ഭക്ഷണത്തിന്റെ സ്വഭാവം ,പാചകം ചെയ്ത രീതി , ആഹാരം കഴിയ്ക്കുമ്പോള്‍ വ്യക്തിയുടെ മാനസീകാവസ്ഥ എന്നിവയ്ക്ക് ദഹനവുമായി ബന്ധമുണ്ട് . ഇടയ്ക്കിടെ ഭക്ഷണം കഴിയ്ക്കുന്ന രീതി നല്ലതല്ല. ഉദാഹരണമായി , കാലത്ത് പ്രാതലിനും ഉച്ചയൂണിനുമിടയ്ക്കുള്ള സമയത്ത് പലരും ഇടയ്ക്കിടെ എന്തെങ്കിലും കഴിയ്ക്കുക പതിവാണ് . ഇത് ദഹനത്തിന് ദോഷം ചെയ്യുന്നു. അപൂര്‍ണ്ണമായ ദഹനം മെലിച്ചിലിന് വഴിവെയ്ക്കുമെന്ന് മുന്‍പ് സൂചിപ്പിച്ചതാണല്ലോ .
തൈറോയ്‌ഡ് ഗ്രന്ഥിയുടേ പ്രവത്തനം
തൈറോയ്‌ഡ് ഗ്രന്ഥികള്‍ക്ക് ശരീരഭാരവുമായി ബന്ധമുണ്ട് . ഈ ഗ്രന്ഥി പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണാണ് തൈറോക്സിന്‍.(Thyroxin ) .ഈ ഹോര്‍മോണ്‍ ശരീരത്തിലെ ഓക്സിഡേഷന്‍ പ്രക്രിയയെ നിയന്ത്രിയ്ക്കുന്നു. ഈ ഹോര്‍മോണിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്യ്‌ഡിസം (Hypothyroidism ) എന്നപേരില്‍ അറിയപ്പെടുന്നത് . കുട്ടികളില്‍ ഇത് ക്രെറ്റിനിസത്തിന് (ശരീരവലുപ്പം കുറയല്‍ ) കാരണമാക്കുന്നു. വലിയവരില്‍ ഇത് Myxoedema ഉണ്ടാക്കുന്നു. വിളര്‍ച്ചാരോഗത്തില്‍ (Anaemia ) കണ്ണൂകള്‍ പുറത്തേയ്ക്ക് തള്ളിവരുന്ന അവസ്ഥയാണ് Myxoedema എന്നപേരില്‍ അറിയപ്പെടൂന്നത് . ഹൈപ്പോതൈറോയ്‌ഡിസം മൂലം മാനസികാസ്വസ്ഥ്യം ,സാവധാനത്തിലുള്ള സംഭാഷണം, തലമുടികൊഴിയല്‍ ,ശരീരോഷ്മാവ് കുറയല്‍ എന്നിവയൊക്കെ അനുഭവപ്പെടാം.
തൈറോയ്‌ഡ് ഗ്രന്ഥി വലുതാകുന്നതുനിമിത്തം വര്‍ദ്ധിച്ച ഹോര്‍മോണ്‍ ഉല്പാദനം നടക്കുന്നു. ഈ അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്‌ഡിസം (HYperthyroidism ) എന്നുപറയുന്നത്. ഈ രോഗമുള്ള വ്യക്തിമെലിയുകയും എളുപ്പം ക്ഷോഭിയ്ക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. രോഗിയുടെ ഹൃദയമിടിപ്പും പ്രഷറും വര്‍ദ്ധിച്ചിരിയ്ക്കും.ഉപാപചയപ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ദ്ധിയ്ക്കുന്നു. ഇതുമൂലം ശരീരത്തിലെ കൊഴുപ്പിനും മാംസപേശികള്‍ക്കും ശോഷണം സംഭവിയ്ക്കുന്നു.
മെലിച്ചില്‍ പരിഹരിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട് . വ്യായാമം, ഉപവാസം,ഭക്ഷണനിയന്ത്രണം, പ്രത്യേക ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുക്കല്‍ ,ജലചികിത്സ എന്നിവ മെലിച്ചില്‍ പരിഹരിയ്ക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഈ പുസ്തകത്തില്‍ വിശദമായി പ്രതിപാദിയ്ക്കുന്നു.
അടുത്തതായി , ശരീരഭാരം ഏതുവരെയാകം എന്നുള്ളതുതന്നെ തര്‍ക്കത്തില്‍പ്പെട്ട സംഗതിയാണ് .പ്രകൃതിയിലെ ആരോഗ്യമുള്ള ജീവികള്‍ ഒരിയ്ക്കലും വണ്ണമുള്ളവയല്ല ; എന്നാല്‍ ഏറെ മെലിഞ്ഞെവയുമല്ല . അതിനാല്‍ത്തന്നെ ‘വണ്ണ’ത്തിന്റെ കാര്യത്തില്‍ മദ്ധ്യമസ്ഥാനത്തുള്ളവര്‍ വിഷമിയ്ക്കേണ്ട കാര്യവുമില്ല.
Wednesday, May 30, 2007
നഗരത്തില്‍ ജീവിക്കുന്നവര്‍ക്കുണ്ടാകുന്ന വൈകൃതങ്ങളെക്കുറിച്ചൊരു മുന്നറിയിപ്പ് !!! (പുസ്തകപരിചയം)
പ്രകൃതിജീവന തല്പരരായ വായനക്കാര്‍ക്ക് പ്രസ്തുത വിഷയത്തില്‍ ഒട്ടേറെ പുത്തന്‍ അറിവുകള്‍ സമ്മാനിയ്ക്കുന്ന ഗ്രന്ഥമാണ് THE HUMAN ZOO. പ്രസിദ്ധ ജന്തുശാസത്രജ്ഞനായ ഡസ്‌മണ്ട് മോറിസ് (Desmond Moris ) ആണ് ഈ ഗ്രന്ഥം രചിച്ചീട്ടുള്ളത് . അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ധഗ്രന്ഥമായ THE NAKED APE ഏകദേശം പത്തുമില്യണ്‍ കോപ്പികള്‍ക്കപ്പുറം വിറ്റുകഴിഞ്ഞീട്ടുണ്ട് . മാത്രമല്ല ,ഒട്ടേറെ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തീട്ടുമുണ്ട്. മനുഷ്യന്റേയും മൃഗങ്ങളുടേയും സ്വഭാവത്തെക്കുറിച്ചുള്ള മോറിസിന്റെ ടേലിവിഷന്‍ പ്രോഗ്രാമുകള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
നഗരത്തെ ഒരു മനുഷ്യ മൃഗശാല (HUMAN ZOO.) ആയിട്ടാണ് ഗ്രന്ഥകാരന്‍ വിഭാവനം ചെയ്യുന്നത്. പ്രസ്തുത നഗരമാകട്ടെ ,മനുഷ്യമസ്തിഷ്കത്തിലുദിച്ച ആശയങ്ങളുടെ പ്രവര്‍ത്തനഫലമായി നിര്‍മ്മിതമായിട്ടുള്ളതാണുതാനും! അതിനാല്‍തന്നെ നഗരം പ്രകൃതിയിനിന്ന് ഒട്ടേറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നു. അതുകൊണ്ടൂതന്നെ ഈ കൃത്രിമത്വത്തില്‍ അധിഷ്ഠിതമായ ആവാസവ്യവസ്ഥയില്‍ ജീവിയ്ക്കുന്ന മനുഷ്യന്റെ സ്വഭാവങ്ങളിലും വ്യത്യാസങ്ങള്‍ പ്രകടമാകുന്നു. പ്രകൃതിയില്‍ അല്ലെങ്കില്‍ വനത്തില്‍ ജീവിയ്ക്കുന്ന വന്യമൃഗങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ , അവ വളരേ അധികരിച്ച തോതില്‍ പെറ്റുപെരുകുന്നില്ല. മാത്രമല്ല, വേറെയും സ്വഭാവ വിശേഷങ്ങള്‍ പ്രകടിപ്പിയ്ക്കുന്നില്ല. അതായത് അവ സ്വയംഭോഗം ചെയ്യുന്നില്ല, അവ സഹോദരങ്ങളെ ആക്രമിയ്ക്കുന്നില്ല, അവയുടെ വയറ്റില്‍ അള്‍സര്‍ ഉണ്ടാകുന്നില്ല, അവയ്ക്ക് അമിത വണ്ണം ഉണ്ടാകുന്നില്ല, ഇതിനൊക്കെ അതീതമായി അവ ആത്മഹത്യ ചെയ്യുന്നില്ല. പക്ഷെ, ഇവയുടെയൊക്കെ അതിപ്രസരം കാണുന്നത് നഗരത്തില്‍ ജീവിയ്ക്കുന്ന മനുഷ്യരിലാണ് . ഇത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണോ ? ഒറ്റ നോട്ടത്തില്‍ അങ്ങനെയാണെന്ന് തോന്നാം. പക്ഷെ, സത്യം അതല്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ മൃഗങ്ങളും മുന്‍പു പ്രസ്താവിച്ചപോലെ പെരുമാറും !! മൃഗങ്ങളെ , ചില പ്രത്യേക സാഹചര്യങ്ങളില്‍ തടങ്കലിലിട്ടാല്‍ അവയും അസാധാരണ സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിയ്ക്കുന്നു. ഇത്തരത്തില്‍ ചിന്തിച്ചാല്‍ , നഗരത്തിനെ മനുഷ്യമൃഗശാലയായി കണക്കാക്കിയതില്‍ തെറ്റില്ല. ഇവിടെ താരതമ്യപ്പെടൂത്തിയത് നഗരമനുഷ്യനേയും വന്യമൃഗത്തേയും തമ്മിലല്ല. മറിച്ച് നഗരമനുഷ്യനേയും തടങ്കിലാക്കപ്പെട്ട മൃഗത്തിനേയും തമ്മിലാണ് . ആധുനിക മനുഷ്യന്‍ അവന്റെ വര്‍ഗ്ഗത്തിന് അനുയോജ്യമായ (പ്രകൃതിദത്തമായ) സാഹചര്യത്തിലല്ല ജീവിയ്ക്കുന്നത്. മറിച്ച് , അവന്റെ തന്നെ ബുദ്ധിസമ്മാനിച്ച തടങ്കലിലകപ്പെട്ട് ജീവിയ്ക്കുന്നു.
ഇത്തരത്തിലുള്ള ദൂഷ്യഫലങ്ങളൊക്കെയുണ്ടെങ്കിലും , മൃഗശാലയില്‍ ജീവിയ്ക്കുന്ന വന്യമൃഗത്തിന് ധാരാളം ഗുണഫലങ്ങള്‍ (?) ലഭിയ്ക്കുന്നുണ്ട് ! വെള്ളം, ഭക്ഷണം,താമസം,സുരക്ഷ,വൃത്തി,വൈദ്യസഹായം തുടങ്ങിയവയൊക്കെ ഇവയ്ക്കുലഭിയ്ക്കുന്നു. അതിനാല്‍ മൃഗശാലയിലകപ്പെട്ട വന്യ മൃഗത്തിന് ധാരാളം ഒഴിവുസമയം ലഭിയ്ക്കുന്നു. ചില മൃഗങ്ങള്‍. ഒരു നിവൃത്തിയുമില്ലാതെ , വിശ്രമിയ്ക്കുകയോ ഉറങ്ങുകയോ ചെയ്യുന്നു. ചില മൃഗങ്ങളില്‍ ഇത്രമാത്രം , ‘ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ’ പല പ്രശ്നങ്ങളും സൃഷ്ടിയ്ക്കുന്നു.
നഗരത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതെന്തുകൊണ്ട് ?
നഗരത്തില്‍ പല ജീവിതശൈലിയും അവശ്യമായിട്ടുള്ളതല്ല; മറിച്ച് അനാവശ്യവും ഉപദ്രവകരവുമാണ് .വീട്ടിലിരുന്നോ അല്ലെങ്കില്‍ സൌഹൃദ സന്ദര്‍ശന വേളകളിലോ ഭക്ഷണ-പാനീയങ്ങള്‍ കഴിയ്ക്കുകയാണെങ്കില്‍ , നാം വിശപ്പുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് ഉറപ്പിച്ചുപറയുവാന്‍ പറ്റുകയില്ലല്ലോ. അതുപോലെത്തന്നെ , പലരും നേരം പോകാന്‍ വേണ്ടി കടലയും മറ്റും കൊറിയ്ക്കുന്നത് സാധാരണയാണല്ലോ.(ഇതും വിശപ്പുകൊണ്ടല്ല തന്നെ) . ഈ അനാവശ്യ രസനേന്ദ്രിയ പ്രയോഗത്തെ അത്യാവശ്യമാക്കിമാറ്റുകയാണ് മിഠായിക്കമ്പനികളും ഐസ് ക്രീം പാര്‍ലറുകളും ചെയ്യുന്നത്.
ഇന്ദ്രിയങ്ങളുടെ അനാവശ്യ ഉപയോഗം ആഹാരാദികളുടെ കാര്യത്തില്‍ മാത്രമല്ല ലൈംഗികതയുടെ കാര്യത്തിലും നഗരത്തില്‍ നടക്കുന്നു. ഇത്തരത്തില്‍ ,ലൈംഗികതയുടെ അനാവശ്യപ്രവണതകള്‍ സമൂഹത്തില്‍ ഒട്ടേറെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. ലൈംഗികവികാരത്തിന്റെ പ്രധാനകര്‍ത്തവ്യം “ സ്വന്തം ജീവിവര്‍ഗ്ഗത്തെ ജനിപ്പിയ്ക്കുക” എന്നുള്ളതാണല്ലോ. പക്ഷെ, നഗരത്തില്‍ ജനസാന്ദ്രത കൂടുതലാണ്. അതുകൊണ്ടൂതന്നെ ,നഗരമെന്ന മനുഷ്യമൃഗശാലയില്‍ ‘ജനനത്തെ’ ആസ്പദമാക്കിയുള്ള ലൈംഗികത ചുരുക്കപ്പെടേണ്ടതാണ്. അല്ലെങ്കില്‍ അത് പല പ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കും.പൂരിതാവസ്ഥയിലെത്തിയ ഈ ജനസാന്ദ്രത കലാപത്തിനും യുദ്ധത്തിനും സാംക്രമിക രോഗത്തിനും വഴിവെയ്ക്കാറുണ്ട്. ഇത്തരത്തില്‍ വഴിവെയ്ക്കുന്നത് പ്രകൃതിയുടെ സന്തുലിത ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണേന്നേ പറയാനൊക്കൂ. ജനനത്തെ ആസ്പദമാക്കിയുള്ള ലൈംഗികത അമര്‍ത്തപ്പെടുമ്പോള്‍ അത് പല വിധത്തിലുള്ള ലൈംഗികശീലങ്ങള്‍ക്കും വഴിവെച്ചേക്കും; പ്രത്യേകിച്ച് ലൈംഗിക വൈകൃതങ്ങള്‍ക്ക് !!! അങ്ങനെ നേരം കളയാനും വിനോദത്തിനുമൊക്കെ വാണിജ്യശക്തികള്‍ ലൈംഗികതയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
വാര്‍ദ്ധക്യത്തില്‍ ‘സ്വസ്ഥത‘ നല്ലതാണോ ?
റിട്ടയര്‍ ചെയ്യാറാവുമ്പോള്‍ , ഇനിയങ്ങോട്ട് പ്രശ്നങ്ങളും ടെന്‍ഷനുമൊന്നുമില്ലാത്ത വാര്‍ദ്ധക്യകാലം ആസ്വദിച്ച് സുഖമായി കഴിയാം എന്നുചിലര്‍ ചിന്തിയ്ക്കാറുണ്ട്. ഇനി, മുന്‍പറഞ്ഞതുപോലെ വാര്‍ദ്ധക്യം ആസ്വദിച്ച് ഒരു വ്യക്തി കഴിയുകയാണെങ്കില്‍ അയാളുടെ ആയുസ്സിന് അത്രയേറേ ദൈര്‍ഘ്യം ഉണ്ടാകില്ലെന്നാണ് കരുതപ്പെടേണ്ടത് . ഇതിനു കാരണമായി , ‘ ഡെസ്‌മണ്ട് മോറിസ് ‘ നല്‍കുന്ന വിശദീകരണം ‘സ്റ്റിമുലസ് സ്ട്രഗിള്‍’ (Stimulus Struggle) എന്ന സിദ്ധാന്തത്തിലൂടെയാണ്.
അതായത് ജീവിതത്തില്‍ നാം പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. ഈ പ്രശ്നങ്ങളെ തെറ്റായി കൈകാര്യം ചെയ്താല്‍ നാം അപകടത്തില്‍ ചെന്നുപെടുന്നു. ഒരു വ്യക്തി ജീവിയ്ക്കുന്ന പരിസ്ഥിതികളില്‍നിന്നുള്ള വെല്ലുവിളികളെ വിജയകരമായി നേരിടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതുവഴിയാണ് പ്രസ്തുത വ്യക്തി ഔന്നത്യത്തിലെത്തിച്ചേരുന്നത് . അതുകൊണ്ട് പ്രശ്നങ്ങളെ നാം ഒഴിവാക്കുകയല്ല വേണ്ടത് ; മറിച്ച് സ്വീകരിയ്ക്കുകയാണ്. എന്നുവെച്ച് പരിസ്ഥിതികളില്‍നിന്നുള്ള എല്ലാതരം വെല്ലുവിളികളേയും സ്വീകരിയ്ക്കുന്നത് നല്ലതാണെന്നുകരുതരുത് . അങ്ങനെ ചെയ്താല്‍ നാം വെല്ലുവിളികളുമായുള്ള യുദ്ധത്തില്‍ തകര്‍ന്നുപോകും. എന്നാല്‍, വളരേ കുറച്ചുമാത്രം സ്വീകരിച്ചാലും പോരതന്നെ. ഈ രണ്ട് അതിര്‍വരമ്പുകള്‍ക്കിടയിലായിരിയ്ക്കണം നാം സ്വീകരിയ്ക്കേണ്ട വെല്ലുവിളികളുടെ അളവ് . ഉദാഹരണത്തിനായി , റേഡിയോവില്‍നിന്നുവരുന്ന ശബ്ദത്തിന്റെ അളവ് ക്രമീകരിയ്ക്കുന്നതുമായി നമുക്ക് താരതമ്യപ്പെടുത്താം. വല്ലാതെ ശബ്ദം കൂട്ടിയാല്‍ നമുക്ക് അസ്വസ്ഥതയും ചെവിവേദനയും അനുഭവപ്പെടുന്നു. എന്നാല്‍ തീരെ ശബ്ദം കുറച്ചാലോ കേള്‍ക്കാന്‍ സാധിയ്ക്കുകയുമില്ല. എന്നാലോ, സുഖകരമായ ശ്രവണം സാദ്ധ്യമാകുന്ന രീതിയില്‍ ശബ്ദം ക്രമീകരിയ്ക്കേണ്ടതുണ്ട്. ഇതുപോലെത്തന്നെയാണ് ‘വെല്ലുവിളി സ്വീകരണത്തിന്റേയും സ്ഥിതി’ !!
ലളിതവും രസകരവുമായ വിവരണങ്ങളിലൂടെ പലശാസ്ത്രസത്യങ്ങളും ‘ ഡെസ്‌മണ്ട് മോറിസ് ‘ ഈ ഗ്രന്ഥത്തിലൂടേ വ്യക്തമാക്കുന്നു. ഇതില്‍ പലതും അദ്ദേഹത്തിന്റെ തന്നെ ദീര്‍ഘകാല നിരീക്ഷണത്തിലൂടെ കണ്ടെത്തിയതാണെന്ന വസ്തുത ഇവിടെ സ്മരിയ്ക്കേണ്ടതുണ്ട് .
Subscribe to:
Posts (Atom)